Sunday, March 17, 2013

പാപിലിയോ ബുദ്ധ : ചില സംശയങ്ങൾ


“പാപിലിയോ ബുദ്ധ” ഇന്നലെ കണ്ടു. കേരളത്തിലെ ദലിത് ജനവിഭാഗങ്ങൾ ഭരണകൂടത്തിൽനിന്നും മറ്റു ജനവിഭാഗങ്ങളിൽനിന്നും  അനുഭവിക്കുന്ന അടിച്ചമർത്തലുകൾ, ചെങ്ങറപോലൊരു ഭൂസമരത്തിന്റെ പശ്ചാത്തലത്തിൽ, ചലച്ചിത്ര മാധ്യമത്തിലൂടെ ആ‍വിഷ്കരിക്കാനുള്ള സംവിധായകൻ ജയൻ ചെറിയാന്റെ ശ്രമം അഭിനന്ദനീയമാണ്. തുടങ്ങിവെയ്ക്കപ്പെട്ട ഒരു ചർച്ച തുടരുക എന്ന ലക്ഷ്യത്തോടെയാവുമല്ലോ ജയൻ ചെറിയാൻ ഈ സിനിമ രൂപപ്പെടുത്തിയത്. അക്കാദമികരംഗത്തും സാഹിത്യരംഗത്തുമുള്ള പലരും ഇതേപ്പറ്റി ഏറെ പ്രശംസാ വാക്കുകൾ എഴുതിയതും പറഞ്ഞതും മാധ്യമങ്ങളിൽ വായിക്കാനിടയായി. പ്രേക്ഷകൻ എന്ന നിലയിൽ എന്റെ ചില സന്ദേഹങ്ങളും വിയോജിപ്പുകളും ഈ ചർച്ചയോടു കൂട്ടിച്ചേർക്കാം എന്നുതോന്നുന്നു.

1. മഞ്ജുശ്രീ എന്ന കഥാപാത്രത്തിന്റെ പ്രണയജീവിതവും അവൾക്കനുഭവിക്കേണ്ടി വരുന്ന ബലാത്ക്കാരവും അതിനോടവളുടെ പ്രതികരണവും ആണ് സിനിമയിലെ ഒരു പ്രധാന പ്രമേയം. പ്രണയത്തോടെയുള്ള രതിയായാലും ക്രൂരമായ ബലാത്ക്കാരമായാലും, സ്ത്രീശരീരം ക്യാമറയ്ക്കുമുൻ‌പിൽ അവതരിപ്പിക്കപ്പെടുന്ന രീതി പുരുഷനോട്ടത്തിന്റേതാണ് എന്നു പല പഠനങ്ങൾ ഉണ്ടെന്നറിയാത്തയാളാവില്ല സംവിധായകൻ. സ്ത്രീപക്ഷരാഷ്ട്രീയം അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഈ രംഗങ്ങളിൽ തന്റെ ക്യാമറയുടെ നിലപാട് അദ്ദേഹം ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടതായിരുന്നു. ഹോളിവുഡ് ചിട്ടയിലുള്ള ശരീരനോട്ടങ്ങളിലൂടെ ആവിഷ്കരിച്ചാലേ പ്രണയമാവൂ എന്നദ്ദേഹം കരുതിയിരിക്കുന്നു. ലൈംഗികതയിൽ സ്ത്രീക്കുള്ള കർതൃത്വം വ്യക്തമാക്കുന്നതിനോ ക്യാമറയുടെ ശീലിച്ചുപോയ ഈ ശരീരനോട്ടങ്ങൾ ? പ്രണയരംഗത്ത് സ്ത്രീയുടെ കണ്ണ് തുറന്നാണോ അടഞ്ഞാണോ ചിത്രീകരിക്കേണ്ടത് എന്ന തിരഞ്ഞെടുപ്പ് സ്ത്രീയുടെ കർതൃത്വം അടയാളപ്പെടുത്തലിൽ ഒട്ടും പ്രാധാന്യമുള്ള ഒന്നല്ലേ ? (“നീ ശങ്കരനാണ്, നിന്റെ മൂന്നാംകണ്ണു തുറക്ക്” എന്ന അമ്പരപ്പിക്കുന്ന ഡയലോഗ് ഈ പ്രണയരംഗത്താണ് മഞ്ജുശ്രീ ശങ്കരനോടു പറയുന്നത്. തൊട്ടുപിറകേ ഹിന്ദുമതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കാൻ‌മാത്രം രാഷ്ട്രീയബോദ്ധ്യമുള്ള കഥാപാത്രം, മറ്റൊരു ശിവനാകാൻ - ബുദ്ധപ്രതിമയുടെ മുൻ‌പിൽ വിളക്കു കൊളുത്തിവെച്ചിട്ട് - കൂട്ടുകാരനെ പ്രേരിപ്പിക്കുന്നതിന്റെ സാംഗത്യം മനസ്സിലായില്ല : “ചുറ്റുമുള്ള ജീവിതങ്ങളെ കാണാൻ” മറ്റൊരുവഴിയുമില്ലേ ?) ബലാത്ക്കാരരംഗത്തിന്റെ ചിത്രീകരണത്തിലും, ക്യാമറയ്ക്കുള്ള പുരുഷനോട്ടത്തിന്റെ മാമൂലുകൾക്ക് കീഴ്പ്പെട്ടു നിൽക്കാനാണ് സംവിധായകന് താത്പര്യം. ഇത് സിനിമക്കുണ്ടെന്ന് അവകാശപ്പെടുന്ന സ്ത്രീപക്ഷരാഷ്ട്രീയത്തിന് ഒട്ടും ഗുണകരമല്ല. സംവിധായകൻ സൃഷ്ടിക്കാൻ ശ്രമിക്കുന്ന സ്തോഭം, സാവിത്രീ രാജീവന്റെ കവിതയുടെ ഭാഷയിൽ, ഒരു “ഐറ്റം ഡാൻസി” ന്റെ ഇഫക്റ്റായി മാറാനുള്ള സാധ്യതയില്ലേ ? (മഞ്ജുശ്രീയെ അവതരിപ്പിച്ച സരിതക്ക് സ്പെഷ്യൽജൂറി അവാർഡ് നൽകാനുള്ള കാരണമായി സംസ്ഥാനജൂറികമ്മിറ്റിയുടെ വകയായി പത്രത്തിൽ വായിച്ചത്, “ഈ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ധൈര്യത്തിനുള്ള അംഗീകാരം” എന്നാണ്. ഒരു ധൈര്യപ്രകടനമായിട്ടാണോ അവർ ഇതിലെ അഭിനയത്തെ കരുതുന്നത് എന്നറിയില്ല; ജൂറിയുടെ പ്രഖ്യാപനം വാസ്തവമെങ്കിൽ, ആ മാനദണ്ഡത്തിലെ തികച്ചും പുരുഷനോട്ടനിർമ്മിതമായ ധ്വനി അവർ തിരിച്ചറിയുന്നുണ്ടോയെന്നും.)

2. ബലാത്ക്കാരത്തിന്റെ പീഡാനുഭവത്തോട് മഞ്ജുശ്രീ പ്രതികരിക്കുന്നത്, സ്വന്തം തലമുടി വടിച്ചുകളഞ്ഞ്, ഭൂസമരരംഗത്തുറച്ചുനിന്ന്, സമുദായത്തിലെ മറ്റു ജനങ്ങളോടൊപ്പം ബുദ്ധമതം സ്വീകരിച്ചുകൊണ്ടാണ്. ഒരു പന്തംകൊളുത്തി പ്രകടനമൊഴിച്ചാൽ, കുറ്റവാളികൾക്കെതിരെ ആരെങ്കിലും പോലീസിൽ പരാതികൊടുക്കുന്നതായോ കോടതിയെ സമീപിക്കുന്നതായോ കാണുന്നില്ല. ഭരണഘടനാപ്രകാരമുള്ള നീതി നേടിയെടുക്കാൻ ഭൂസമരം നടത്തുന്നവർ, നിയമവ്യവസ്ഥ നടപ്പിലാക്കേണ്ട പോലീസിനേയും കോടതിയേയും അവിശ്വസിക്കുന്നതാവാം കാരണം, അല്ലെങ്കിൽ എല്ലാ വിശദാംശങ്ങളും കാട്ടുവാൻ സംവിധായകന് ബാധ്യതയില്ലെന്നുമാവാം. ദളിതയാണ് എന്നതുകൊണ്ടാണ് മഞ്ജുശ്രീക്ക് ബലാത്ക്കാരം നേരിടേണ്ടി വന്നത് എന്ന രീതിലാണ് പ്രകടനത്തിൽ കേട്ട മുദ്രാവാക്യങ്ങൾ. മുടിവടിച്ചു കളഞ്ഞ് അവൾ ബുദ്ധപ്രതിമക്കു മുൻ‌പിൽ ഇരിക്കുമ്പോഴുള്ള സൂചനയും സ്വന്തം ഹിന്ദു സ്വത്വം ഉപേക്ഷിക്കാനുള്ള അവളുടെ തീരുമാനമാണ്. എന്നാൽ, ബുദ്ധമതം സ്വീകരിക്കുന്നതായി പ്രഖ്യാപിക്കുന്നവരിൽ മഞ്ജുശ്രീമാത്രമാണ് മുടിവടിച്ചിട്ടുള്ളത്. ഇതു വ്യക്തമാക്കുന്നത്, ബുദ്ധമതം സ്വീകരിക്കാനുള്ള തയ്യാറെടുപ്പ് എന്നതിനേക്കാൾ, സ്ത്രീചിൻഹം ഉപേക്ഷിക്കലായിട്ടാണ് അവൾ മുടി വടിക്കുന്നത് എന്നാണ്. അവളുടെ തലമുടിയില്ലായ്മയും മതം‌മാറ്റവും അവളെ സ്ത്രീയല്ലാതാക്കുന്നില്ല എന്നുതിരിച്ചറിയേണ്ട ദൌർഭാഗ്യം ഇനിയും ആ കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടായാൽ അവൾ എന്തു ചെയ്യും ? സ്ത്രീചിൻഹങ്ങൾ ഉപേക്ഷിക്കാനുള്ള മഞ്ജുശ്രീയുടെ തീരുമാനം, ബലാത്ക്കാരം ചെയ്യപ്പെട്ട സ്വന്തം സ്ത്രീ ശരീരത്തോടുള്ള വെറുപ്പ് എന്ന നിലയിലോ  ഒരു സ്ത്രീപക്ഷ രാഷ്ട്രീയനിലപാട് എന്ന നിലയിലോ മനസ്സിലാക്കേണ്ടത് ? രണ്ടാണെങ്കിലും അത് ഒട്ടും ആരോഗ്യകരമായി തോന്നിയില്ല. വ്യക്തിപരമായി ഈ ക്രൂരത അനുഭവിക്കേണ്ടി വന്ന സ്ത്രീകൾ പല രീതിയിൽ പ്രതികരിച്ചേക്കാം, പല രീതിയിൽ ആരോഗ്യകരമായ ജീവിതത്തിലേക്കു തിരിച്ചുവരാ‍ൻ ശ്രമിച്ചേക്കാം. ഓരോ ശ്രമങ്ങൾക്കും അതിന്റേതായ ശരിയുണ്ടാവാം, പുറത്തുനിന്നുകൊണ്ട് അഭിപ്രായം പറയാൻ ആർക്കും അർഹതയില്ലായിരിക്കാം. ഇവിടെ നമ്മൾ സംസാരിക്കുന്നത്, സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നു എന്നു പ്രതീക്ഷിക്കപ്പെടുന്ന, ആ രീതിയിൽ പ്രശംസിക്കപ്പെട്ട, ഒരു കഥാപാത്രത്തെക്കുറിച്ചാണ്, അതുകൊണ്ടുതന്നെ ഈ മാതൃക വിശകലനംചെയ്യപ്പെടേണ്ടതുമാണ്.

3. അംബേദ്കർ, അയ്യങ്കാളി, ബുദ്ധൻ എന്നീ “ദേവന്മാരുടെ” ചിത്രങ്ങളും വിഗ്രഹങ്ങളുമൊക്കെയാണ് ഭൂസമരത്തിലേർപ്പെടൂന്നവർ ആരാധിക്കുന്നത്. അവരുടെയൊക്കെ പേരുകൾ ധാരാളമായി പരാമർശിക്കപ്പെടുന്നതല്ലാ‍തെ, എങ്ങനെയാണ് അവരുടെ ആശയങ്ങൾ ദളിത് രാഷ്ട്രീയത്തോടു ചേർന്നു നിൽക്കുന്നതെന്നോ എങ്ങനെയാണ് പ്രായോഗികതലത്തിൽ ദളിതർ അവരെ ഉൾക്കൊള്ളുന്നതെന്നോ ചിത്രീകരിച്ചിട്ടില്ല. പല പ്രശ്നങ്ങൾ ഒരുമിച്ച് അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ വിശദീകരണങ്ങൾ സാധ്യമല്ലായിരിക്കാം. 

4. അവസാനരംഗം കണ്ടപ്പോൾ ദളിത് ജനങ്ങൾ അവർക്കു ലഭിയ്ക്കേണ്ട ഭൂമിയിൽനിന്നും കുടിയിറക്കപ്പെടുന്നു എന്നാ‍ണ് തോന്നിയത്, സംവിധായകൻ ഉദ്ദേശിക്കുന്നത് ആട്ടിയോടിക്കപ്പെട്ടവരുടെ തിരിച്ചുവരവാണോയെന്നറിയില്ല. കാട്ടിൽനിന്നും ഇറങ്ങി, വയലുകളിലൂടെ, ഇടിച്ചുനിരത്തെപ്പെട്ട കുന്നിൻ‌ചരിവിലൂടെ, അവർ നാടിന്റെ പൊതുധാരയിലേക്കു കടന്നുവരുകയാണോ, അതോ ഏതോ പുറമ്പോക്കിലേയ്ക്ക് പുറപ്പെട്ടുപോവുകയാണോ ?

ദളിത് ജനവിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ഗൌരവം കുറച്ചു കണ്ടിട്ടല്ല ഇത്രയും എഴുതിയത്. ഏറെ രാഷ്ട്രീയ ബോധ്യത്തോടെ ഈ പ്രശ്നങ്ങൾ ഉന്നയിക്കാൻ ശ്രമിക്കുന്ന ജയൻ ചെറിയാൻ അതേ ബോധ്യം സ്ത്രീപക്ഷനിലപാടിലും തെളിച്ചുകാട്ടും എന്ന പ്രതീക്ഷ തെറ്റിയതിലെ വിഷമംകൊണ്ടാണ്. ഗ്രാന്റുകൾ നേടിയെടുക്കാനുള്ള ഒരു പ്രോജക്റ്റായി മാത്രം ദളിത് ആക്റ്റിവിസം കൊണ്ടുനടക്കുകയും ദളിത് ജനവിഭാഗങ്ങളോടുള്ള അവജ്ഞ ഉള്ളിൽ സൂക്ഷിക്കുകയും ചെയ്യുന്ന ഒരു കഥാപാ‍ത്രം, “എനിയ്ക്ക് പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനു മനസ്സില്ല” എന്നു പ്രഖ്യാപിക്കുന്നുണ്ട്, ശങ്കരനെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുന്നതിനു ന്യായീകരണമായി. “പൊളിറ്റിക്കൽ കറക്റ്റ്നെസ്സ്” എന്നത് ഒരു തേഞ്ഞ രൂപകത്തുട്ടല്ല എന്ന് കൃത്യമായ നിലപാടെടുക്കുന്ന സംവിധായകൻ എന്തേ ക്യാമറയുടെ പുരുഷനോട്ടത്തിന്റെ കാര്യത്തിൽ അതു മറന്നുപോയി ?

No comments:

Post a Comment