Thursday, March 14, 2013

തെക്കും വടക്കും


ഒന്ന്
മാനന്തവാടിയിൽനിന്നും
കുറ്റ്യാടിചുരംവഴി
കോറോത്തിറങ്ങി നീലോത്തേയ്ക്ക്
ഓട്ടോ കേറി സന്ധ്യയ്ക്ക്.
മുറുക്കാ‍ൻ‌നിറവായോടെ ഓട്ടോക്കാരൻ
കുശലം തുടങ്ങിയപ്പോൾ
ചോദിച്ചു, സ്വന്തം നാട് ?
അയാളുടെ ഈറ തൊട്ടെടുക്കാം.
വിടാതെകൂടിയപ്പോളയാൾ :
വെണ്മണി
ഏതു വെണ്മണി ? തെക്കോ വടക്കോ ?1
തെക്കും വടക്കും.
തിടുക്കപ്പെട്ട് കൂടെ:
അച്ഛനാ ഇങ്ങോട്ടു വന്നേ,
ഞാൻ ഇവിടാ ഒണ്ടായേ.
പിന്നെങ്ങനെ ഈ മൊഴി എന്ന്
ചോദിക്കാനാഞ്ഞു, മിണ്ടാതിരുന്നു.

ഓട്ടോവെളിച്ചത്തിൽ
കറുത്ത മലഞ്ചരിവുകളും
കുണ്ടിടവഴികളും മറഞ്ഞു,
കൈതച്ചെടികൾ വരമ്പിട്ട
ചൂനാടു 2പരപ്പു തെളിഞ്ഞു
കിഴക്കേതിണ്ണയിൽ കാലുംനീട്ടിയിരുന്ന്
അമ്മൂമ്മയും അമ്മാവന്മാരും
പൊതിക്കെട്ടഴിച്ച്
വെറ്റിലയിൽ ചുണ്ണാമ്പു തേച്ചു
മുറ്റത്തെ മുറുക്കാൻ‌ചാലുകളിൽ
കഥാചിത്രപടങ്ങൾ വിരിഞ്ഞു.
പലപാത്രങ്ങളായ് കൂടിയാടി
പലകഥകളിൽ സ്വയമൊളിപ്പിച്ചവർ
അരങ്ങൊഴിഞ്ഞ കൂത്തമ്പലം
അവിടെയുണ്ടാവും, പല വീടുകളിൽ
പണിത്തരങ്ങളായൊളിക്കാൻ
കാത്തുകൊണ്ട്.

നാക്കേ മറന്നുള്ളൂ
ഓണാട്ടുകര 3 മൊഴി,
ഇടയ്ക്ക് പലടത്ത്
മണ്ണിലൂടെ വന്നുതൊടും മൊഴി
പത്തി വിടരും പരതും
പുകയും രക്തമൊഴുകും വഴി.

തെക്കനെന്ന വിളിപ്പേര്
ചുരമിറങ്ങി വന്നുതൊട്ട തണുപ്പിലൂടെ
ഓട്ടോ പായുന്നു.

രണ്ട്
വടക്കെത്തുന്ന തെക്കർ പലതരം :
ബോവിക്കാനത്ത് റിപ്പോർട്ടെഴുതാനെത്തും
കൃഷിയുദ്യോഗസ്ഥൻ
കന്നാസിൽ ചുമക്കും തലസ്ഥാനവെള്ളമായ്
തെക്കിനെ കൂടെക്കൂട്ടുന്നവർ,
പേരു കേട്ടിട്ട് ആളെ പിടികിട്ടാഞ്ഞാൽ
തന്തപ്പേരു തിരക്കും തെക്കൻ‌ചിട്ടക്കാർ,
ഒടപ്പിറപ്പെന്നു നടന്ന മലപ്പുറം കൂട്ടുകാരൻ
പിറപ്പുദേശമറിഞ്ഞ് മുഖംവീർപ്പിയ്ക്കുമ്പോൾ
ഒന്നാംക്ലാസു മുതൽ
വടക്കൻപാഠാവലിയുരുവിട്ടതിന്റെ
മഞ്ഞക്കടലാസുപകർപ്പു നീട്ടി
ജാമ്യം നേടുന്നവർ.
വടക്കുനോക്കികളിൽ തെളിയുന്നു
ഇരുണ്ട ഭൂഖണ്ഡം
നിഷ്കളങ്ക ലോകം
മറ്റേതോ ഗ്രഹം.

തെക്കെത്തുന്ന വടക്കർ പലതരം :
കാര്യവട്ടം കാ‍മ്പസിലും
ഐഎഫ്എഫ്കെ പടവുകളിലും
തിരുവള്ളൂർ 4മുദ്രാമൊഴി മുഴക്കുന്നവർ,
അതിഖരത്തിൽനിന്ന് അനുനാസികത്തിലാവാ‍ൻ
അമ്പിളിക്കാലം‌മാത്രം പോന്നവർ,
പാർപ്പു കണ്ണൂരെന്നുകേട്ട് തറപ്പിച്ചുള്ള നോട്ടത്തിൽ
കുഴപ്പങ്ങളുൾനാട്ടിൽ, നഗരം സൽ‌പ്പേരിലെന്നൊഴിയുന്നവർ.
തെക്കൻ പര്യായങ്ങൾ :
സ്റ്റേറ്റുകാർ കണക്കർ,
തെക്കനേം മൂർഖനേം കണ്ടാൽ
തെക്കനെ തച്ചുകൊല്ലണം.


മൂന്ന്
തെക്ക് പലത് :
കാസറഗോഡിന് പയ്യന്നൂർക്കപ്പുറം
കണ്ണൂരിന് തലശ്ശേരിക്കപ്പുറം
വടകരയ്ക്ക് കോഴിക്കോടിനപ്പുറം
കുറ്റിപ്പുറത്തിന് തൃശ്ശൂർ
തൃശ്ശൂർക്ക് കൊച്ചി
കൊച്ചിയ്ക്ക് കൊച്ചിയ്ക്കപ്പുറം.
വലത്തുമിടത്തും മാറിയാലും
മേലും കീഴും മാറാത്ത
കിഴക്കും പടിഞ്ഞാറും മാറിയാലും
വടക്കും തെക്കും മാറാത്ത
കണ്ണാടിലോകമായി
വടക്കുനിന്നും തെക്കോട്ട്
മലയാളം.

നാല്
മാനന്തവാടിയിൽനിന്നും
പാൽചുരംവഴി കുത്തനെ
കൊട്ടിയൂരിറങ്ങി ഇരിട്ടി ബസ്.
വട്ടംകറങ്ങി തെക്കുവടക്കു ദേശസൂചി.
നാട്ടുമൊഴികൾ വേരോടെ പറിച്ച്
നാണ്യമൊഴി നട്ടവർ
ആരേയും തെക്കനെന്നു വിളിക്കാറില്ല.
പാലാ-ഇരിട്ടി നേർബസ്
തെക്കുവടക്കോടി
തെക്കുംവടക്കുമില്ലാതായി.

  
1. മാവേലിക്കരയ്ക്കടുത്തുള്ള വെണ്മണി,
    മാനന്തവാടിയ്ക്കടുത്തുള്ള വെണ്മണി.
2. ഓച്ചിറയ്ക്കടുത്തുള്ള ദേശം.
3. പ്രൊഫ.എസ്.ഗുപ്തൻ‌നായർ എഴുതിയ ‘ഓണാട്ടുകര’ എന്ന ലേഖനത്തിലെ ദേശം
4. വടകരയ്ക്കടുത്തുള്ള ദേശം.  

4 comments:

  1. രസകരമായ കവിത..തെക്കുവടക്കോടി
    തെക്കുംവടക്കുമില്ലാതായി.ആശംസകള്‍

    ReplyDelete
  2. തെക്കന്മാരെന്താ അത്ര കൊളളരുതാത്തവരാണോ....

    ReplyDelete
  3. തെക്കെന്നം പാടി നടന്നേ..
    വടക്കെന്നമൊരൂഞ്ഞാലായേ..
    ചേക്കേറാൻ വഴിതേടുന്നീ തിരുതകൃതിപ്പാട്ട്...

    വളരെ ഇഷ്ടമായി

    ശുഭാശംസകൾ...

    ReplyDelete
  4. ഏറെ തെക്കോട്ട് പോയാല്‍ വടക്കന്നെ.........

    ReplyDelete