Thursday, April 18, 2013

പാന


ഒന്ന്
തുടങ്ങുമ്പോൾ വാച്ചുനോക്കും.
മൊത്തലിനും മൊത്തലിനും
വട്ടപ്പൊട്ടിച്ചിരികൾക്കും
ഇടയ്ക്കൊന്ന് പാളിനോക്കും.
(കുടിയ്ക്കാത്തതു കുറച്ചിൽ
അന്തം‌മറിയൽ അശ്ലീലം.
ചോരപ്പഞ്ചാരയുള്ളോർക്ക്
കുഴപ്പമില്ലാത്ത ബ്രാൻഡ്
കൃത്യം രണ്ടര മോന്തുന്നു,
കുറിപ്പടി ഗുളികയും
-അപകടകരമായി
ജീവിയ്ക്കാൻ പെടുന്നപാട്)
ചരടുപൊട്ടും പട്ടങ്ങൾ
ഛർദ്ദിച്ചു തുടങ്ങുമ്പോഴേ
മണമടിക്കാതെ മാറും.
സമയസൂചികൾക്കൊപ്പം
വട്ടത്തിലോടിനടക്കും
വീട്ടുവഴിയേ പറക്കും.

രണ്ട്
കുടിച്ചത്
കാലത്ത്
പുളിച്ചുതേട്ടി
വയർവീർത്തു
നെഞ്ചെരിച്ചു
കടഞ്ഞ്
കാലിട്ടടിച്ചു
കട്ടനുമായി
തട്ടിവിളിച്ചപ്പോൾ
അവളുടെ
തലവഴി
ഛർദ്ദിച്ചൊഴിച്ചു

മൂന്ന്
കല്യാണവീട്ടിൽ തലേന്ന്
കണ്ടത്തിലെ തെങ്ങിൻ‌മൂട്ടിൽ
കൂതറസാധനമൊന്ന്
കുരുമുളകു പച്ചയ്ക്ക്
പറിച്ചിട്ടടിച്ചുതോർത്തി
ജന്മത്തിലെ ജന്മമെന്ന്
പഞ്ചാരിക്കണക്കുകൊട്ടും
നിത്യപച്ചക്കാരൻ‌വേഷം.

നാല്
വിറയ്ക്കുന്ന
വിരലുകൾക്കിടയിൽ
പിടിപ്പിച്ച
ഗ്ലാ‍സ്
കഴുത്തിലൂടെ
തോർത്തുപിരിച്ചിട്ട്
കൈത്തണ്ടിൽ‌ കെട്ടി
പതുക്കെ
മറ്റേകൈകൊണ്ട്
വലിച്ചുയർത്തി
വിറയ്ക്കുന്ന
ചുണ്ടുകളിലേയ്ക്ക്

അഞ്ച്
കുടിയ്ക്കാൻപോകുന്നെന്ന് മണംകിട്ടുമ്പോഴേ
കൂർത്തമോന്ത മോറി കിണ്ണംകിണ്ണം തിളങ്ങും
അടിയ്ക്കും‌മുൻപുതന്നെ അലച്ചുതുടങ്ങും
അടിച്ചാലുടൻ കെട്ടിപ്പിടിച്ചുമ്മവെയ്ക്കും
നിലാവത്തു നടക്കാൻ‌പോവും അലമ്പാവും
വാളുവെയ്ക്കും കീഴടങ്ങും വീണുകിടക്കും
നീണ്ടോനും കുറിയോനും അപ്പുറമിപ്പുറം
താങ്ങിപ്പിടിച്ച് ആറുകാലിൽ നടക്കുമ്പോൾ
നിരപ്പുതെറ്റിച്ചതിന് തെറിവിളിക്കും.

ആറ്
പണികഴിഞ്ഞ്
പെണ്ണു വരാൻ വൈകുന്നതെന്ത് ?
അണിഞ്ഞൊരുക്കവും ആട്ടവും
ആരെ കാട്ടാൻ ?
അടുക്കളപ്പണിയ്ക്കിടയിൽ മൂളിപ്പാടുന്നത്,
ഇടയ്ക്കു വെറുതേ ചിരിക്കുന്നത്,
മൊബൈലിൽ കിന്നരിയ്ക്കുന്നത് ?
മനുഷ്യനെ വാട്ടാൻ
അവളുടെ തണുത്തുമലച്ച്കിടപ്പ്-
വെട്ടിക്കീറി
വലിച്ചുപൊളന്നിട്ടിട്ടുവേണം
വിസ്തരിച്ചൊന്നു പെടുത്ത്
വളിയിടാൻ

ഏഴ്
ഇടുങ്ങിയ തേഞ്ഞ നിരപ്പുകളിൽ
മൂന്നടികളിൽ മൂക്കുന്ന പയ്യന്മാർ
സരാമാഗുവിന്റെ ഗുഹയിലൂടെ,
നൊസ്ഫെറാതു വേട്ടയ്ക്കിറങ്ങിവന്ന
ഗുഹയിലൂടെ, ജ്യാമിതിയിൽനിന്ന്
ഘടനാവാദത്തിലേയ്ക്കു നീളുന്ന
ഗുഹാവഴിയിലൂടെ ചുരംകേറി
മുതിരുന്നു അരക്കുപ്പിയിലേയ്ക്ക്.

എട്ട്
വെട്ടി
മുട്ടറുത്തു
അറ്റകൈ
പിടിച്ചുരച്ചു
ചോരമണം
പച്ചമാംസം
കടിച്ചുപറിച്ചു

ഒൻപത്
കുടിയ്ക്കും‌മുൻപ് സെമിനാറിൽ
ഫൂക്കോ ദെറീദ
കുടിച്ചുകൊണ്ട് തണുബാറിൽ
ഫൂക്കോ ദെറീദ
കുടികഴിഞ്ഞ് കുളിമുറീൽ
ഫൂക്കോ ദെറീദ.


പത്ത്
കക്കി
കട്ടച്ചോപ്പ് –
കുടിച്ചതോ
കുടലോ ?
കുഴഞ്ഞു
കിടന്നു
കണ്ണടഞ്ഞു

              *    *    *
കൈകൾ കാലുകൾക്കിടയിൽ
തിരുകി തലകുമ്പിട്ട്
കിടക്കുന്നേതു വയറ്റിൽ ?
ഞെട്ടിയുണർന്ന പകപ്പിൽ
അലറുന്നേതൊരുൾക്കാട്ടിൽ ?
നിത്യമാർക്കണ്ഡേയരായി
ഭജിക്കുന്നേതുപാനത്തെ ?
ലക്ഷ്യത്തിൻ‌മണിപൊയ്പ്പോയ
അശ്വത്ഥാമാക്കളോരോന്നായ്
തിരക്കുന്നേതുകാമത്തെ ?

കൂട്ടംകൂടാൻ കൂട്ടംതെറ്റാൻ
ചിരിക്കാൻ സങ്കടപ്പെടാൻ
ക്ഷീണം‌മാറ്റാൻ ക്ഷീണം‌തോന്നാൻ
ഉടയ്ക്കാൻ പുതുതുണ്ടാക്കാൻ
പെണ്ണിനോടും പിള്ളേരോടും
സ്നേഹംവരാൻ കലിതുള്ളാൻ
കുടിയ്ക്കുന്നു കുടിയ്ക്കുന്നു

കുടിയ്ക്കാനായ് കുടിയ്ക്കുന്നു
വെറുതേയും കുടിയ്ക്കുന്നു

Friday, April 05, 2013

കവികളി

ഒന്ന്- കേളി
സ്കൂൾവാൻ കാത്തുനിന്ന കുട്ടിയെ
ചായക്കടയിലെ വയസ്സനെ
ലേഡീസ്കം‌പാർട്മെന്റിലൊരുവളെ
മീൻ‌മോപ്പഡിന്മേലൊരുവനെ
ഒരു പട്ടിയെ
കാക്കയെ
പ്രാർത്ഥിയ്ക്കുന്ന പ്രാണിയെ
പഴുതാരയെ
ശവത്തെ
മരത്തെ
കെട്ടിടത്തെ
വാ‍ക്കുകൊണ്ടു വെടിവെച്ചിട്ട്
കവിതയിൽ കോർത്തു തോളിലിട്ട്
അടുത്ത അരങ്ങിലേയ്ക്ക്
ഒറ്റപ്പാച്ചിൽ.

രണ്ട്- നവപദങ്ങൾ
1.    കവിത :   (1) പത്രാധിപർക്ക്
                   എഴുതിയ ആളുടെ പേരിൽ
                   തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നത്.
             (2)  പല തീവ്രവാദപ്പുണ്ണുകളെ
                   മറച്ച് മൊഞ്ചാക്കാനുള്ള
                   മിനുക്കുതൂവാല കസവുവേഷ്ടി.

2.    പ്രസിദ്ധീകരിക്കപ്പെട്ട കവി :  മുറിയൊഴിയുമ്പോൾ
                                        ഒഴിമുറിയ്ക്കപ്പെടുന്നയാൾ.

3.    പ്രസിദ്ധീകരിക്കപ്പെടാത്ത കവി :  പ്രശസ്തന(യ)ല്ല
                                              അതുകൊണ്ടു പ്രശസ്തന(യ)ല്ല എന്ന്
                                              നിത്യം ജപിയ്ക്കുന്നയാൾ.

4.    ഫേസ്ബുക്  : ജീവിച്ചിരിക്കുന്നു കവി എന്നതിന്റെ തെളിവ്.


5.    വിവർത്തനം. : പാൻ ഇന്ത്യൻ ടിക്കറ്റ്
                     ആഗോള പാസ്പോർട്.

6.    കാമ / സൂത്രം : കവിതയും നിരൂപണവും തമ്മിലെ
                    വിവാഹജീവിതത്തിൽ ഇല്ലാത്തത്
                    ഒളിസേവയിൽ ഉള്ളത്.

7.    സം‌ശയം : കവിയ്ക്കും കവിയ്ക്കുമിടയിൽ ഉള്ളത്
               കവിതയിൽ ഇല്ലാത്തത്.

8.    സാഹിത്യചർച്ച :  കുടിയ്ക്കു മുൻപ്
                        കഴിയ്ക്കുന്നത്.

9.    ഞാൻ : അന്യജീവിതങ്ങളെ
           ആവിഷ്ക്കരിക്കുമ്പോൾ
           വരികൾക്കിടയിൽ
           നൂറ്റൊന്നാവർത്തിക്കുന്നത്.

മൂന്ന്- ഒച്ചയും വിളിയും
എന്റെ കവിത ആരും പ്രസിദ്ധീകരിക്കുന്നില്ലോയ്
പ്രസിദ്ധീകരിച്ചത് ആരും വായിക്കുന്നില്ലോയ്
വായിച്ചവർ ആരും വിളിക്കുന്നില്ലോയ്
നിരൂപണമെഴുതുന്നില്ലോയ്
അവാർഡാരും തരുന്നില്ലോയ്
അവാർഡു കിട്ടുമ്പോൾ ആരുമറിയുന്നില്ലോയ്
ആ പരിപാടിയ്ക്കു വിളിച്ചില്ലോയ്
ഈ പരിപാടിയ്ക്കു വിളിച്ചോയ്
അവർക്കെന്നോടസൂയയാണോയ്
ഇവർക്കെന്നോടാരാരാധനയില്ലോയ്
ഓയ്......

നാല്- മംഗളം
ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ* 


* പൂന്താനത്തിന്റെ വരികൾ