Saturday, March 30, 2013

കണ്ണാടി പറഞ്ഞത്


എനിയ്ക്ക് നിന്നിലുള്ള
വിശ്വാസം കാണണോ,
ധ്വനിപ്പിയ്ക്കൂ
നിന്റെ പാപങ്ങൾ
പീഡകൾ
വടുവീണ മുഖം
വായ്നാറ്റം.

എന്റെ അവിശ്വാസം കാണണോ,
വെളിപ്പെടുത്തൂ
നിന്റെ ചെരാത്
സ്നേഹം ചിരി
മനസ്സു കുഴച്ച് കലം ചുടും
കനൽ.

Sunday, March 24, 2013

അവസാന താൾ


ഒന്ന്
പെണ്ണായി ഞാൻ
കണ്ണാടിയിൽ ആദ്യമാ‍യെന്നെ കണ്ടത്
നീ എന്നെ ഇഷ്ടമെന്നു പറഞ്ഞപ്പോൾ :

ഞാൻ കരഞ്ഞു
നെഞ്ചത്തൊരു കല്ലുമാ‍യി
ശ്വാസത്തിനു പിടഞ്ഞു
നനഞ്ഞു ചിരിച്ചു

നിന്നോടു ചേർന്നുനിന്നു
നിന്റെ വിരലുകൾ എന്നെ തൊടാൻ
നിന്റെ ശ്വാസം എന്നിൽ വീഴാൻ.
നിന്റെ കണ്ണുകളിൽ
ജന്മങ്ങൾക്കപ്പുറത്തുനിന്നെത്തും
നക്ഷത്രവെട്ടം,
നിന്റെ മൊഴിയിൽ
കൈയിൽകൈപിടിച്ചു നടക്കേണ്ട
വഴിനീട്ടം.

രണ്ട്
എന്തിനെന്നൊടു പറഞ്ഞു നീ :
ജീവനത്തിന്റെ ശൂന്യത
നിറയ്ക്കുന്നു രതിയെന്ന്,
പലരെ പ്രണയിക്കാൻ
പരുവം നിനക്കെന്ന് ?

(മരണത്തണുപ്പുതൊട്ട്
ഞെട്ടി ഞാൻ. പ്രാർത്ഥിച്ചു,
പരുഷമായ തമാശയാവണേ
-നിസ്സംഗം ചിരിച്ചു നീ.)

എന്തിനൂതിക്കെടുത്തി
നീ തന്നെ കൊളുത്തിയ തിരി ?
എന്തിനു തിടുക്കപ്പെട്ടു
പെണ്ണെന്നാൽ ഇതുകൂടിയെന്നെന്റെ
കണ്ണാടിയിൽ തെളിയിക്കാൻ ?

അതു സത്യമെങ്കിൽ,
നിന്റെ പലസത്യങ്ങളിൽ
ഇതൊന്നുമാത്രമെന്തിനായിരുന്നു ?
സ്വയം ശീലയഴിച്ച് വടു കാട്ടൽ
മിടുക്കത്തരമെന്നോ കരുതി നീ ?
പൊട്ടമുഖം ധ്വനിപ്പിക്കും
സിതോപലത്തിന്റെ
കുറതീർന്ന മുഖങ്ങളെയെന്ന് ?

ഒഴിവാക്കണമായിരുന്നോ എന്നെ ?
അതോ, പാതിവെന്ത് വിളമ്പിയതോ
നീ ആരാധിച്ചിരുന്ന
എഴുത്തുകാരന്റെ ദർശനം ?
എത്ര പെണ്ണുങ്ങളുടെ കൂടെകിടന്നിരുന്നു
എന്നോടതു പറയും‌മുൻപ് ?

മൂന്ന്
നിനക്കെതിരെ തെളിവു തരാൻ
നിനക്കെന്തുത്സാഹമെപ്പോഴും :
നിന്റെ പ്രണയം നീറ്റിയ
പെണ്ണിന്റെ കണ്ണീർ,
നൃത്തംചെയ്യുന്നവളുടെ
ഉടലിലേയ്ക്കാണ്ട നിന്റെ നോട്ടം,
പുകയിലമണമടിച്ച
പരുക്കൻ വാക്ക്,
നിന്റെ തീനുകൾ,
നിന്റെ കുടികൾ.

ധ്വനിയിൽ തെന്നിവീണില്ല ഞാൻ
എന്നു പരിഹാസപ്പെട്ടു നീ.
ശരിതന്നെ, ധ്വനിച്ചില്ലെനിയ്ക്ക്
ദൈവവെളിച്ചമിരട്ടിയ്ക്കും
വജ്രമുഖങ്ങൾ നിന്നിൽ;
ധ്വനിച്ചു, പക്ഷേ,
നഖമുനകൾ
കോമ്പല്ലുകൾ
ഈളയൊലിക്കും ചെന്നാക്ക്
പച്ചമാംസക്കൊതി.

ഒരു ദുഃഖവുമില്ല, നിന്നെ
ഒഴിഞ്ഞുവെച്ച ചുവടിൽ.

നാല്
നിനക്കുത്സാഹമാകാം
ഈ കൂട്ട് :
നിന്റെ ഇടുക്കുവഴികൾക്കിടെ
ഒരു തുറസ്സ്
വെളിച്ചം കാറ്റ് എന്ന്
നീ മൊഴിയാടുമ്പോൾ
ഞാനോർക്കുന്നത്
നിന്റെ കൂടെവന്ന പെണ്ണിനെ-
അവളെ ഒളിച്ച്
വിതയ്ക്കുന്ന വിത്തല്ലേ
നിനക്കോരോ വാക്കും ?
നിനക്ക,ല്ലവൾക്ക്
എന്റെ കൂറ്
എന്റെ പ്രാർത്ഥന.

ഒന്നുമില്ലെനിയ്ക്കു പറയാൻ
നിന്നോട്,
ഒന്നുമില്ലെടുക്കാൻ, തരാൻ.

കടന്നുപോ
ചിലയ്ക്കാതെ.

Thursday, March 21, 2013

സ്കൂളിങ്


എസംബ്ലി
ഇംഗ്ലീഷിൽ സ്പീക്ക് ചെയ്യാൻ പേടി വേണ്ട :
മലയാളം മിക്സായിക്കോട്ടെ
മിസ്റ്റേക്ക് വന്നോട്ടെ,
ബട് കറേജ് വേണം, ഉള്ളിലെ ഐഡിയ
എക്സ്പ്രസ്സ് ചെയ്തേ അടങ്ങൂ എന്ന്
ആന്റ് സെൽഫ്ഡൌട് പാടില്ല,
ലാംഗ്വേജ് ബാഡെന്നോ ഡിഫക്ടുണ്ടെന്നോ
-അ-ർ‌റൈസ് ! അ-വ്വേക്ക് !
നിങ്ങൾക്കു ലൂസ് ചെയ്യാൻ
ഓൾഡ്ഫാഷന്റെ ചെയിൻസ് മാത്രം !

പി.ടി.
മാം വേർ ?
മാം ഈസ് അപ് ഹാവിങ്
മാം, മൈ കാൽ ഈസ് ചോര !
ആന്റ് തള്ളവിരൽ ഈസ് പെയിനിങ്
മാം, ഹിസ് എല്ലീസ് കാണിങ്-
അല്ല-വാച്ചിങ് !
ഗോ, ഫസ്റ്റ് പുട്ട്യുവർ ഷൂസ്
ഇൻ ചപ്പൽ കീപ്പിങ് പ്ലേസ്

ത്രീ’ സ് ടേബിൾ
ത്രീ വൺ‌സ് ആർ ത്രീ
ത്രീ ടൂസ് ആർ സിക്സ്
ത്രീ ത്രീസ് ആർ ണയിൻ
ത്രീ ഫോർസ് ആർ ട്വൽ‌വ്
ത്രീ ഫൈവ്സ് ആർ ഫിഫ്ടീൻ
ത്രീ-

ജി.കെ.
(കേട്ടെഴുത്ത് മൊഴിമാറ്റത്തിൽ)
ഭൂമിയിലെ ഏറ്റവും കട്ടിയുള്ള വസ്തു ?
കടൽ
സംസ്ഥാന വിദ്യാഭ്യാസമന്ത്രി ?
അച്യുതാനന്ദമേനോൻ
ഇന്നലെയല്ലേ നോട്ടുതന്നത്, ശരിയ്ക്കെഴുത്
എ. പി. അബ്ദുകലാം
ആദ്യ ഇൻഡ്യൻ പ്രസിഡന്റ് ?
രാജൻ
അത്രേയുള്ളൂ ?
നോട്ടിലത്രേയുള്ളൂ
ഗാന്ധിജി ജനിച്ചതെന്ന് ?
ഒക്റ്റോബർ 2, 1969
ഒരു ഡിജിറ്റു തെറ്റി, സാരമില്ല
തന്റെ രണ്ടു ശ്വാസകോശങ്ങൾ എന്ന്
ഗാന്ധിജി വിളിച്ചതെന്തിനെ ?
കാണല്ലേ കേൾ‌ക്കല്ലേ മിണ്ടല്ലേ
ഔട്ട് ഓഫ് ഫൈവ് വാട്ടിഡ്യു ഗെറ്റ് ?
ഫൈവ് ഔട്ട് ഓഫ് ത്രീ, മാം
വെരി ഗുഡ്

Sunday, March 17, 2013

പാപിലിയോ ബുദ്ധ : ചില സംശയങ്ങൾ


“പാപിലിയോ ബുദ്ധ” ഇന്നലെ കണ്ടു. കേരളത്തിലെ ദലിത് ജനവിഭാഗങ്ങൾ ഭരണകൂടത്തിൽനിന്നും മറ്റു ജനവിഭാഗങ്ങളിൽനിന്നും  അനുഭവിക്കുന്ന അടിച്ചമർത്തലുകൾ, ചെങ്ങറപോലൊരു ഭൂസമരത്തിന്റെ പശ്ചാത്തലത്തിൽ, ചലച്ചിത്ര മാധ്യമത്തിലൂടെ ആ‍വിഷ്കരിക്കാനുള്ള സംവിധായകൻ ജയൻ ചെറിയാന്റെ ശ്രമം അഭിനന്ദനീയമാണ്. തുടങ്ങിവെയ്ക്കപ്പെട്ട ഒരു ചർച്ച തുടരുക എന്ന ലക്ഷ്യത്തോടെയാവുമല്ലോ ജയൻ ചെറിയാൻ ഈ സിനിമ രൂപപ്പെടുത്തിയത്. അക്കാദമികരംഗത്തും സാഹിത്യരംഗത്തുമുള്ള പലരും ഇതേപ്പറ്റി ഏറെ പ്രശംസാ വാക്കുകൾ എഴുതിയതും പറഞ്ഞതും മാധ്യമങ്ങളിൽ വായിക്കാനിടയായി. പ്രേക്ഷകൻ എന്ന നിലയിൽ എന്റെ ചില സന്ദേഹങ്ങളും വിയോജിപ്പുകളും ഈ ചർച്ചയോടു കൂട്ടിച്ചേർക്കാം എന്നുതോന്നുന്നു.

1. മഞ്ജുശ്രീ എന്ന കഥാപാത്രത്തിന്റെ പ്രണയജീവിതവും അവൾക്കനുഭവിക്കേണ്ടി വരുന്ന ബലാത്ക്കാരവും അതിനോടവളുടെ പ്രതികരണവും ആണ് സിനിമയിലെ ഒരു പ്രധാന പ്രമേയം. പ്രണയത്തോടെയുള്ള രതിയായാലും ക്രൂരമായ ബലാത്ക്കാരമായാലും, സ്ത്രീശരീരം ക്യാമറയ്ക്കുമുൻ‌പിൽ അവതരിപ്പിക്കപ്പെടുന്ന രീതി പുരുഷനോട്ടത്തിന്റേതാണ് എന്നു പല പഠനങ്ങൾ ഉണ്ടെന്നറിയാത്തയാളാവില്ല സംവിധായകൻ. സ്ത്രീപക്ഷരാഷ്ട്രീയം അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഈ രംഗങ്ങളിൽ തന്റെ ക്യാമറയുടെ നിലപാട് അദ്ദേഹം ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടതായിരുന്നു. ഹോളിവുഡ് ചിട്ടയിലുള്ള ശരീരനോട്ടങ്ങളിലൂടെ ആവിഷ്കരിച്ചാലേ പ്രണയമാവൂ എന്നദ്ദേഹം കരുതിയിരിക്കുന്നു. ലൈംഗികതയിൽ സ്ത്രീക്കുള്ള കർതൃത്വം വ്യക്തമാക്കുന്നതിനോ ക്യാമറയുടെ ശീലിച്ചുപോയ ഈ ശരീരനോട്ടങ്ങൾ ? പ്രണയരംഗത്ത് സ്ത്രീയുടെ കണ്ണ് തുറന്നാണോ അടഞ്ഞാണോ ചിത്രീകരിക്കേണ്ടത് എന്ന തിരഞ്ഞെടുപ്പ് സ്ത്രീയുടെ കർതൃത്വം അടയാളപ്പെടുത്തലിൽ ഒട്ടും പ്രാധാന്യമുള്ള ഒന്നല്ലേ ? (“നീ ശങ്കരനാണ്, നിന്റെ മൂന്നാംകണ്ണു തുറക്ക്” എന്ന അമ്പരപ്പിക്കുന്ന ഡയലോഗ് ഈ പ്രണയരംഗത്താണ് മഞ്ജുശ്രീ ശങ്കരനോടു പറയുന്നത്. തൊട്ടുപിറകേ ഹിന്ദുമതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കാൻ‌മാത്രം രാഷ്ട്രീയബോദ്ധ്യമുള്ള കഥാപാത്രം, മറ്റൊരു ശിവനാകാൻ - ബുദ്ധപ്രതിമയുടെ മുൻ‌പിൽ വിളക്കു കൊളുത്തിവെച്ചിട്ട് - കൂട്ടുകാരനെ പ്രേരിപ്പിക്കുന്നതിന്റെ സാംഗത്യം മനസ്സിലായില്ല : “ചുറ്റുമുള്ള ജീവിതങ്ങളെ കാണാൻ” മറ്റൊരുവഴിയുമില്ലേ ?) ബലാത്ക്കാരരംഗത്തിന്റെ ചിത്രീകരണത്തിലും, ക്യാമറയ്ക്കുള്ള പുരുഷനോട്ടത്തിന്റെ മാമൂലുകൾക്ക് കീഴ്പ്പെട്ടു നിൽക്കാനാണ് സംവിധായകന് താത്പര്യം. ഇത് സിനിമക്കുണ്ടെന്ന് അവകാശപ്പെടുന്ന സ്ത്രീപക്ഷരാഷ്ട്രീയത്തിന് ഒട്ടും ഗുണകരമല്ല. സംവിധായകൻ സൃഷ്ടിക്കാൻ ശ്രമിക്കുന്ന സ്തോഭം, സാവിത്രീ രാജീവന്റെ കവിതയുടെ ഭാഷയിൽ, ഒരു “ഐറ്റം ഡാൻസി” ന്റെ ഇഫക്റ്റായി മാറാനുള്ള സാധ്യതയില്ലേ ? (മഞ്ജുശ്രീയെ അവതരിപ്പിച്ച സരിതക്ക് സ്പെഷ്യൽജൂറി അവാർഡ് നൽകാനുള്ള കാരണമായി സംസ്ഥാനജൂറികമ്മിറ്റിയുടെ വകയായി പത്രത്തിൽ വായിച്ചത്, “ഈ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ധൈര്യത്തിനുള്ള അംഗീകാരം” എന്നാണ്. ഒരു ധൈര്യപ്രകടനമായിട്ടാണോ അവർ ഇതിലെ അഭിനയത്തെ കരുതുന്നത് എന്നറിയില്ല; ജൂറിയുടെ പ്രഖ്യാപനം വാസ്തവമെങ്കിൽ, ആ മാനദണ്ഡത്തിലെ തികച്ചും പുരുഷനോട്ടനിർമ്മിതമായ ധ്വനി അവർ തിരിച്ചറിയുന്നുണ്ടോയെന്നും.)

2. ബലാത്ക്കാരത്തിന്റെ പീഡാനുഭവത്തോട് മഞ്ജുശ്രീ പ്രതികരിക്കുന്നത്, സ്വന്തം തലമുടി വടിച്ചുകളഞ്ഞ്, ഭൂസമരരംഗത്തുറച്ചുനിന്ന്, സമുദായത്തിലെ മറ്റു ജനങ്ങളോടൊപ്പം ബുദ്ധമതം സ്വീകരിച്ചുകൊണ്ടാണ്. ഒരു പന്തംകൊളുത്തി പ്രകടനമൊഴിച്ചാൽ, കുറ്റവാളികൾക്കെതിരെ ആരെങ്കിലും പോലീസിൽ പരാതികൊടുക്കുന്നതായോ കോടതിയെ സമീപിക്കുന്നതായോ കാണുന്നില്ല. ഭരണഘടനാപ്രകാരമുള്ള നീതി നേടിയെടുക്കാൻ ഭൂസമരം നടത്തുന്നവർ, നിയമവ്യവസ്ഥ നടപ്പിലാക്കേണ്ട പോലീസിനേയും കോടതിയേയും അവിശ്വസിക്കുന്നതാവാം കാരണം, അല്ലെങ്കിൽ എല്ലാ വിശദാംശങ്ങളും കാട്ടുവാൻ സംവിധായകന് ബാധ്യതയില്ലെന്നുമാവാം. ദളിതയാണ് എന്നതുകൊണ്ടാണ് മഞ്ജുശ്രീക്ക് ബലാത്ക്കാരം നേരിടേണ്ടി വന്നത് എന്ന രീതിലാണ് പ്രകടനത്തിൽ കേട്ട മുദ്രാവാക്യങ്ങൾ. മുടിവടിച്ചു കളഞ്ഞ് അവൾ ബുദ്ധപ്രതിമക്കു മുൻ‌പിൽ ഇരിക്കുമ്പോഴുള്ള സൂചനയും സ്വന്തം ഹിന്ദു സ്വത്വം ഉപേക്ഷിക്കാനുള്ള അവളുടെ തീരുമാനമാണ്. എന്നാൽ, ബുദ്ധമതം സ്വീകരിക്കുന്നതായി പ്രഖ്യാപിക്കുന്നവരിൽ മഞ്ജുശ്രീമാത്രമാണ് മുടിവടിച്ചിട്ടുള്ളത്. ഇതു വ്യക്തമാക്കുന്നത്, ബുദ്ധമതം സ്വീകരിക്കാനുള്ള തയ്യാറെടുപ്പ് എന്നതിനേക്കാൾ, സ്ത്രീചിൻഹം ഉപേക്ഷിക്കലായിട്ടാണ് അവൾ മുടി വടിക്കുന്നത് എന്നാണ്. അവളുടെ തലമുടിയില്ലായ്മയും മതം‌മാറ്റവും അവളെ സ്ത്രീയല്ലാതാക്കുന്നില്ല എന്നുതിരിച്ചറിയേണ്ട ദൌർഭാഗ്യം ഇനിയും ആ കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടായാൽ അവൾ എന്തു ചെയ്യും ? സ്ത്രീചിൻഹങ്ങൾ ഉപേക്ഷിക്കാനുള്ള മഞ്ജുശ്രീയുടെ തീരുമാനം, ബലാത്ക്കാരം ചെയ്യപ്പെട്ട സ്വന്തം സ്ത്രീ ശരീരത്തോടുള്ള വെറുപ്പ് എന്ന നിലയിലോ  ഒരു സ്ത്രീപക്ഷ രാഷ്ട്രീയനിലപാട് എന്ന നിലയിലോ മനസ്സിലാക്കേണ്ടത് ? രണ്ടാണെങ്കിലും അത് ഒട്ടും ആരോഗ്യകരമായി തോന്നിയില്ല. വ്യക്തിപരമായി ഈ ക്രൂരത അനുഭവിക്കേണ്ടി വന്ന സ്ത്രീകൾ പല രീതിയിൽ പ്രതികരിച്ചേക്കാം, പല രീതിയിൽ ആരോഗ്യകരമായ ജീവിതത്തിലേക്കു തിരിച്ചുവരാ‍ൻ ശ്രമിച്ചേക്കാം. ഓരോ ശ്രമങ്ങൾക്കും അതിന്റേതായ ശരിയുണ്ടാവാം, പുറത്തുനിന്നുകൊണ്ട് അഭിപ്രായം പറയാൻ ആർക്കും അർഹതയില്ലായിരിക്കാം. ഇവിടെ നമ്മൾ സംസാരിക്കുന്നത്, സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നു എന്നു പ്രതീക്ഷിക്കപ്പെടുന്ന, ആ രീതിയിൽ പ്രശംസിക്കപ്പെട്ട, ഒരു കഥാപാത്രത്തെക്കുറിച്ചാണ്, അതുകൊണ്ടുതന്നെ ഈ മാതൃക വിശകലനംചെയ്യപ്പെടേണ്ടതുമാണ്.

3. അംബേദ്കർ, അയ്യങ്കാളി, ബുദ്ധൻ എന്നീ “ദേവന്മാരുടെ” ചിത്രങ്ങളും വിഗ്രഹങ്ങളുമൊക്കെയാണ് ഭൂസമരത്തിലേർപ്പെടൂന്നവർ ആരാധിക്കുന്നത്. അവരുടെയൊക്കെ പേരുകൾ ധാരാളമായി പരാമർശിക്കപ്പെടുന്നതല്ലാ‍തെ, എങ്ങനെയാണ് അവരുടെ ആശയങ്ങൾ ദളിത് രാഷ്ട്രീയത്തോടു ചേർന്നു നിൽക്കുന്നതെന്നോ എങ്ങനെയാണ് പ്രായോഗികതലത്തിൽ ദളിതർ അവരെ ഉൾക്കൊള്ളുന്നതെന്നോ ചിത്രീകരിച്ചിട്ടില്ല. പല പ്രശ്നങ്ങൾ ഒരുമിച്ച് അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ വിശദീകരണങ്ങൾ സാധ്യമല്ലായിരിക്കാം. 

4. അവസാനരംഗം കണ്ടപ്പോൾ ദളിത് ജനങ്ങൾ അവർക്കു ലഭിയ്ക്കേണ്ട ഭൂമിയിൽനിന്നും കുടിയിറക്കപ്പെടുന്നു എന്നാ‍ണ് തോന്നിയത്, സംവിധായകൻ ഉദ്ദേശിക്കുന്നത് ആട്ടിയോടിക്കപ്പെട്ടവരുടെ തിരിച്ചുവരവാണോയെന്നറിയില്ല. കാട്ടിൽനിന്നും ഇറങ്ങി, വയലുകളിലൂടെ, ഇടിച്ചുനിരത്തെപ്പെട്ട കുന്നിൻ‌ചരിവിലൂടെ, അവർ നാടിന്റെ പൊതുധാരയിലേക്കു കടന്നുവരുകയാണോ, അതോ ഏതോ പുറമ്പോക്കിലേയ്ക്ക് പുറപ്പെട്ടുപോവുകയാണോ ?

ദളിത് ജനവിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ഗൌരവം കുറച്ചു കണ്ടിട്ടല്ല ഇത്രയും എഴുതിയത്. ഏറെ രാഷ്ട്രീയ ബോധ്യത്തോടെ ഈ പ്രശ്നങ്ങൾ ഉന്നയിക്കാൻ ശ്രമിക്കുന്ന ജയൻ ചെറിയാൻ അതേ ബോധ്യം സ്ത്രീപക്ഷനിലപാടിലും തെളിച്ചുകാട്ടും എന്ന പ്രതീക്ഷ തെറ്റിയതിലെ വിഷമംകൊണ്ടാണ്. ഗ്രാന്റുകൾ നേടിയെടുക്കാനുള്ള ഒരു പ്രോജക്റ്റായി മാത്രം ദളിത് ആക്റ്റിവിസം കൊണ്ടുനടക്കുകയും ദളിത് ജനവിഭാഗങ്ങളോടുള്ള അവജ്ഞ ഉള്ളിൽ സൂക്ഷിക്കുകയും ചെയ്യുന്ന ഒരു കഥാപാ‍ത്രം, “എനിയ്ക്ക് പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനു മനസ്സില്ല” എന്നു പ്രഖ്യാപിക്കുന്നുണ്ട്, ശങ്കരനെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുന്നതിനു ന്യായീകരണമായി. “പൊളിറ്റിക്കൽ കറക്റ്റ്നെസ്സ്” എന്നത് ഒരു തേഞ്ഞ രൂപകത്തുട്ടല്ല എന്ന് കൃത്യമായ നിലപാടെടുക്കുന്ന സംവിധായകൻ എന്തേ ക്യാമറയുടെ പുരുഷനോട്ടത്തിന്റെ കാര്യത്തിൽ അതു മറന്നുപോയി ?

Thursday, March 14, 2013

തെക്കും വടക്കും


ഒന്ന്
മാനന്തവാടിയിൽനിന്നും
കുറ്റ്യാടിചുരംവഴി
കോറോത്തിറങ്ങി നീലോത്തേയ്ക്ക്
ഓട്ടോ കേറി സന്ധ്യയ്ക്ക്.
മുറുക്കാ‍ൻ‌നിറവായോടെ ഓട്ടോക്കാരൻ
കുശലം തുടങ്ങിയപ്പോൾ
ചോദിച്ചു, സ്വന്തം നാട് ?
അയാളുടെ ഈറ തൊട്ടെടുക്കാം.
വിടാതെകൂടിയപ്പോളയാൾ :
വെണ്മണി
ഏതു വെണ്മണി ? തെക്കോ വടക്കോ ?1
തെക്കും വടക്കും.
തിടുക്കപ്പെട്ട് കൂടെ:
അച്ഛനാ ഇങ്ങോട്ടു വന്നേ,
ഞാൻ ഇവിടാ ഒണ്ടായേ.
പിന്നെങ്ങനെ ഈ മൊഴി എന്ന്
ചോദിക്കാനാഞ്ഞു, മിണ്ടാതിരുന്നു.

ഓട്ടോവെളിച്ചത്തിൽ
കറുത്ത മലഞ്ചരിവുകളും
കുണ്ടിടവഴികളും മറഞ്ഞു,
കൈതച്ചെടികൾ വരമ്പിട്ട
ചൂനാടു 2പരപ്പു തെളിഞ്ഞു
കിഴക്കേതിണ്ണയിൽ കാലുംനീട്ടിയിരുന്ന്
അമ്മൂമ്മയും അമ്മാവന്മാരും
പൊതിക്കെട്ടഴിച്ച്
വെറ്റിലയിൽ ചുണ്ണാമ്പു തേച്ചു
മുറ്റത്തെ മുറുക്കാൻ‌ചാലുകളിൽ
കഥാചിത്രപടങ്ങൾ വിരിഞ്ഞു.
പലപാത്രങ്ങളായ് കൂടിയാടി
പലകഥകളിൽ സ്വയമൊളിപ്പിച്ചവർ
അരങ്ങൊഴിഞ്ഞ കൂത്തമ്പലം
അവിടെയുണ്ടാവും, പല വീടുകളിൽ
പണിത്തരങ്ങളായൊളിക്കാൻ
കാത്തുകൊണ്ട്.

നാക്കേ മറന്നുള്ളൂ
ഓണാട്ടുകര 3 മൊഴി,
ഇടയ്ക്ക് പലടത്ത്
മണ്ണിലൂടെ വന്നുതൊടും മൊഴി
പത്തി വിടരും പരതും
പുകയും രക്തമൊഴുകും വഴി.

തെക്കനെന്ന വിളിപ്പേര്
ചുരമിറങ്ങി വന്നുതൊട്ട തണുപ്പിലൂടെ
ഓട്ടോ പായുന്നു.

രണ്ട്
വടക്കെത്തുന്ന തെക്കർ പലതരം :
ബോവിക്കാനത്ത് റിപ്പോർട്ടെഴുതാനെത്തും
കൃഷിയുദ്യോഗസ്ഥൻ
കന്നാസിൽ ചുമക്കും തലസ്ഥാനവെള്ളമായ്
തെക്കിനെ കൂടെക്കൂട്ടുന്നവർ,
പേരു കേട്ടിട്ട് ആളെ പിടികിട്ടാഞ്ഞാൽ
തന്തപ്പേരു തിരക്കും തെക്കൻ‌ചിട്ടക്കാർ,
ഒടപ്പിറപ്പെന്നു നടന്ന മലപ്പുറം കൂട്ടുകാരൻ
പിറപ്പുദേശമറിഞ്ഞ് മുഖംവീർപ്പിയ്ക്കുമ്പോൾ
ഒന്നാംക്ലാസു മുതൽ
വടക്കൻപാഠാവലിയുരുവിട്ടതിന്റെ
മഞ്ഞക്കടലാസുപകർപ്പു നീട്ടി
ജാമ്യം നേടുന്നവർ.
വടക്കുനോക്കികളിൽ തെളിയുന്നു
ഇരുണ്ട ഭൂഖണ്ഡം
നിഷ്കളങ്ക ലോകം
മറ്റേതോ ഗ്രഹം.

തെക്കെത്തുന്ന വടക്കർ പലതരം :
കാര്യവട്ടം കാ‍മ്പസിലും
ഐഎഫ്എഫ്കെ പടവുകളിലും
തിരുവള്ളൂർ 4മുദ്രാമൊഴി മുഴക്കുന്നവർ,
അതിഖരത്തിൽനിന്ന് അനുനാസികത്തിലാവാ‍ൻ
അമ്പിളിക്കാലം‌മാത്രം പോന്നവർ,
പാർപ്പു കണ്ണൂരെന്നുകേട്ട് തറപ്പിച്ചുള്ള നോട്ടത്തിൽ
കുഴപ്പങ്ങളുൾനാട്ടിൽ, നഗരം സൽ‌പ്പേരിലെന്നൊഴിയുന്നവർ.
തെക്കൻ പര്യായങ്ങൾ :
സ്റ്റേറ്റുകാർ കണക്കർ,
തെക്കനേം മൂർഖനേം കണ്ടാൽ
തെക്കനെ തച്ചുകൊല്ലണം.


മൂന്ന്
തെക്ക് പലത് :
കാസറഗോഡിന് പയ്യന്നൂർക്കപ്പുറം
കണ്ണൂരിന് തലശ്ശേരിക്കപ്പുറം
വടകരയ്ക്ക് കോഴിക്കോടിനപ്പുറം
കുറ്റിപ്പുറത്തിന് തൃശ്ശൂർ
തൃശ്ശൂർക്ക് കൊച്ചി
കൊച്ചിയ്ക്ക് കൊച്ചിയ്ക്കപ്പുറം.
വലത്തുമിടത്തും മാറിയാലും
മേലും കീഴും മാറാത്ത
കിഴക്കും പടിഞ്ഞാറും മാറിയാലും
വടക്കും തെക്കും മാറാത്ത
കണ്ണാടിലോകമായി
വടക്കുനിന്നും തെക്കോട്ട്
മലയാളം.

നാല്
മാനന്തവാടിയിൽനിന്നും
പാൽചുരംവഴി കുത്തനെ
കൊട്ടിയൂരിറങ്ങി ഇരിട്ടി ബസ്.
വട്ടംകറങ്ങി തെക്കുവടക്കു ദേശസൂചി.
നാട്ടുമൊഴികൾ വേരോടെ പറിച്ച്
നാണ്യമൊഴി നട്ടവർ
ആരേയും തെക്കനെന്നു വിളിക്കാറില്ല.
പാലാ-ഇരിട്ടി നേർബസ്
തെക്കുവടക്കോടി
തെക്കുംവടക്കുമില്ലാതായി.

  
1. മാവേലിക്കരയ്ക്കടുത്തുള്ള വെണ്മണി,
    മാനന്തവാടിയ്ക്കടുത്തുള്ള വെണ്മണി.
2. ഓച്ചിറയ്ക്കടുത്തുള്ള ദേശം.
3. പ്രൊഫ.എസ്.ഗുപ്തൻ‌നായർ എഴുതിയ ‘ഓണാട്ടുകര’ എന്ന ലേഖനത്തിലെ ദേശം
4. വടകരയ്ക്കടുത്തുള്ള ദേശം.  

Tuesday, March 12, 2013

ഏതു കുഞ്ഞിന്റെ സ്വപ്നം ഞാൻ ?


കാലുകൾ കാലുകൾ കാലുകൾ
വലിയ തടിച്ച രോമക്കാലുകൾ
സാരികൾ ഷാളുകൾ
കറുത്ത പാന്റ്സുകൾ
മുന്നോട്ടുമാത്രം പോകുന്നവർ
തിക്കിത്തിരക്കിച്ചിതറി
ഇടയ്ക്ക് വിടവുകളിലൂടെ കാണാം
അമ്മേം അച്ഛനും അനിയത്തീം
കൈപിടിച്ചു പോകുന്നു
അമ്മേ അമ്മേ അമ്മേ
തിരിഞ്ഞുനോക്കമ്മേ
എനിയ്ക്കു കടക്കാനാവുന്നില്ല
വകഞ്ഞുമാറ്റാനാവുന്നില്ല
മുന്നോട്ടുമാത്രം പോകുന്നവർ
തിരിഞ്ഞുനോക്കാതെ പോകുന്നവർ
അമ്മേ -
ഇരുട്ട് ഇരുട്ട് ഇരുട്ട്
ഇരുട്ടിൽ തട്ടിത്തെറിക്കുന്ന
കരച്ചിലിന്റെ ഓളങ്ങളിൽ
പൊങ്ങിത്താഴുന്നു ഒഴുകിപ്പോവുന്നു
താഴോ‍ട്ട് താഴോട്ട് താഴോ‍ട്ട്
വയറു കാളുന്നു വായ വരളുന്നു
ഒരു നോട്ടം ചിരി നീളുന്നകൈ
മിന്നി മിന്നി മായുന്നു
ഇരുട്ട്
വീഴുന്നു

Saturday, March 02, 2013

അതേ ചോര

അടുത്തവീട്ടിലെ പെൺകുട്ടി
അലക്കുന്നു, കുനിയുമ്പോൾ
പാതിമുലയെങ്കിലും ?
-ഞാൻ പാളിനോക്കുന്നു.

ഒരിടത്തൊരുപെണ്ണ്
പാതിമറച്ചമാറോടെ കുനിഞ്ഞ്
ഞാ‍റുനടാൻ മടിച്ചതിന്
തുണിയഴിച്ചവളെ മുറിപ്പെടുത്തുമ്പോൾ 1
സ്വയം മാനഭംഗപ്പെടാൻ തിക്കിത്തിരക്കിയ
പുരുഷങ്ങളിലോ
കാഴ്ചയിൽ രതിച്ചവരിലോ
ചിത്രം പകർത്തിയവരിലോ
ഞാൻ ?

പറിച്ചെറിഞ്ഞൊരു മുല 2
എന്റെ മുഖത്തു വീഴുന്നു
ചോരയൊലിക്കുന്നു,
ചുരത്തുന്നെന്റെ മുലകൾ
അതേ ചോര.

 
 
1. 2012 നവംബറിൽ ബീഹാറിൽ ഒരു ദളിത്‌സ്ത്രീയുടെ നേരേയുണ്ടായ ആക്രമണം. വർഷങ്ങൾക്കു
    മുൻ‌പുവരെ (?) കേരളത്തിലേയും അവസ്ഥ.
2. 1840-ൽ മുലക്കച്ച ധരിക്കാൻ മുലക്കരം ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ചേർത്തലയ്ക്കടുത്ത്
    നങ്ങേലി എന്ന ദളിത്‌സ്ത്രീ സ്വന്തം മുലയറുത്ത് കരം‌പിരിക്കാൻ‌ വന്നവർക്ക്
    ഇലയിൽ‌വെച്ചുകൊടുത്തു. ഈ സ്ഥലം ഇപ്പോഴും മുലച്ചിപ്പറമ്പ് എന്നറിയപ്പെടുന്നു.
    നങ്ങേലിയുടെ പ്രതിഷേധം തിരുവിതാംകൂർ രാജാവിനെ മുലക്കരം നിർത്തലാക്കാൻ
    നിർ‌ബന്ധിതനാക്കി.