Tuesday, February 19, 2013

ചോദ്യങ്ങൾ


എന്തിന് വീട്ടിൽ ഒറ്റയ്ക്കിരുന്നു ?

എന്തിന് ലേഡീസ്കം‌പാർട്മെന്റിൽ ഒറ്റയ്ക്ക് ?

എന്തിന് ആൺ‌കുട്ടിയോടൊപ്പം യാത്രചെയ്തു ?

എന്തിന് ഒൻ‌പതുമണിയ്ക്ക് പുറത്തിറങ്ങി ?

വസ്ത്രം എന്താണ് ധരിച്ചിരുന്നത് ?

വാതിൽ തുറന്നതെന്തിന് ?

എന്തുകൊണ്ട് ഓടിയില്ല ?

എന്തുകൊണ്ട് ഒച്ചവെച്ചില്ല ?

എന്തിന് കേസുകൊടുത്തു ?

വീട്ടിൽ ഇടാറുള്ള വേഷമെന്തായിരുന്നു ?

അച്ഛന്റടുത്ത് അടുത്തിടപഴകാറുണ്ടായിരുന്നോ ?

അമ്മാവനോട് എങ്ങനെയായിരുന്നു ?

ചേട്ടന്റെകൂടെ കളിക്കാ‍റുണ്ടായിരുന്നോ ?

പേരെന്തിന് പുറത്തുപറഞ്ഞു ?

മുഖമെന്താ ക്യാമറയിൽനിന്നൊളിപ്പിക്കാഞ്ഞത് ?

എന്തിന് സംസാരിച്ചു ?

എന്തിന് ചിരിച്ചു ?

എന്തിന് ചെറുത്തുനിന്നു ?

എന്തിന് ജീവിച്ചിരിക്കുന്നു ?

Friday, February 15, 2013

ഒരു കുഞ്ഞ് എന്നെ നോക്കുന്നു

ഒരു കുഞ്ഞ് എന്നെ നോക്കുന്നു
വലിയ തല
ചുളിവുകൾ വീണ ശരീരം
വളഞ്ഞു പിരിഞ്ഞ കൈകാലുകൾ
ചെറിയ കുട്ടി തന്നെയോ ?
അതോ എന്നെക്കാൾ മൂത്തതോ ?
അമർത്തിയ കരച്ചിലോ നോട്ടത്തിൽ ?
ഒരു ചോദ്യമോ ?
അടിക്കുറിപ്പു നോക്കുന്നു ഞാൻ,
അണുപ്രസരണമോ
വിഷവാതകച്ചോർച്ചയോ
രാസമഴയോ
നിന്റെ അമ്മ ?

ഒരു കുഞ്ഞ് എന്നെ നോക്കുന്നു
നിന്നെ മടിയിലിരുത്തിയത്
മുഖമില്ലാത്തൊരാൾ
മെലിഞ്ഞകൈകളാൽ
ചുറ്റിപ്പിടിക്കുന്നു നീ ആ ദേഹം
അത്ര വിശ്വാസമോ നിനക്ക്,
നിന്റെ ജനിതകപ്പടവുകളിൽ
ഇരുൾവെട്ടുകൾ തന്ന
ഈ ലോകത്തെ ?
ചുറ്റിപ്പിടിക്കുന്നു
നിന്റെ തണുത്ത കൈകൾ
എന്നെ

ഒരിറക്ക് അന്നത്തിന്
ഇഴഞ്ഞു നീങ്ങുന്നു
നിറതോക്കിനു മുൻപിൽ
വിളറി നിൽക്കുന്നു
ബോംബു വീണ്
ഉരുകുന്നു
അടഞ്ഞിട്ടും അടയാത്ത കണ്ണുകളിലൂടെ
ഒരു കുഞ്ഞ് എന്നെ നോക്കുന്നു

സുരക്ഷിതമായ എന്റെ മുറിയുടെ
അടഞ്ഞ ജനൽച്ചില്ലിനപ്പുറം
തെളിയുന്നത് നിന്റെ മുഖമോ ?
പാളിമറഞ്ഞത് നിന്റെ കരച്ചിലോ ?

കുഞ്ഞേ,
ഈ മുറിയിൽനിന്നിറങ്ങി നടന്ന്
കാട്ടിലേയ്ക്കു കയറി
ആദ്യം വരുന്ന കടുവയ്ക്കു മുൻപിൽ
മുട്ടുകുത്തി വീഴട്ടെ ഞാൻ ?
നീളുന്ന നിന്റെ കൈകളിലേയ്ക്ക്
നീട്ടിയെറിയുവാനോ
ഈ തേഞ്ഞ രൂപകത്തുട്ട് ?

വെളിച്ചം മങ്ങിയ തണുപ്പിച്ച മുറിയിലിരുന്ന്
മദ്യപിക്കുമ്പോൾ മാത്രമോ
ഇടറുന്നു എന്റെ തൊണ്ട ?
നീറുന്നു എന്റെ കണ്ണുകൾ ?
അപ്പോൾ മാത്രമോ ഓർക്കുന്നു നിന്നെ ?
വെളിച്ചവും ചൂടുമുള്ള തെരുവുകളിൽ
എവിടെയാണു ഞാൻ ?

മടിയിൽനിന്നെടുത്ത്
നിന്നെ വെറുംനിലത്തിരുത്തി
കടന്നു പോവുന്നു
ചിത്രത്തിലെ മുഖമില്ലാത്തയാൾ

നീ എന്നെ നോക്കുന്നു

( നിമിഷങ്ങളുടെ പുസ്തകം എന്ന സമാഹാരത്തിൽനിന്നും )

Sunday, February 10, 2013

കമ്യൂണിസ്റ്റ് മാനിഫെസ്റ്റൊ


കാൽ‌പ്പനിക രൂപകമല്ലത്.

നോസ്ട്രഡാമസിന്റെ പുസ്തകവുമല്ല.

അതൊരു പ്രിൻസിപ്പിയ *-

അതിനെക്കുറിച്ചു കേൾക്കാത്തവർപോലും

അനുസരിക്കുന്ന

ചലനനിയമങ്ങളുള്ളത്,

അതിനപ്പുറത്തേയ്ക്കും നീളുന്ന

അന്വേഷണങ്ങൾ ഉള്ളടങ്ങുന്നത്.

അതു പ്രയോഗിക്കുമ്പോൾ

വലിയ ഭാ‍രം മറിക്കുന്നു

ഉത്തോലകങ്ങൾ,

വരുംകാലങ്ങളിലേയ്ക്കു തൊടുക്കുന്നു

സ്വപ്നപേടകങ്ങൾ.

 

* പ്രിൻസിപ്പിയ മാത്തമാറ്റിക്ക : ഐസക്ന്യൂട്ടൺ എഴുതിയ ശാസ്ത്രപുസ്തകം

Friday, February 08, 2013

കള്ളിക്കളി


കറുപ്പും വെളുപ്പും കരുക്കളൊട്ടും
കള്ളിപ്പലക,
കഥയറിയാതെയും കളികാണാം
കണ്ടുകണ്ടങ്ങിരുന്ന്
കളിനിയമങ്ങൾ കണ്ടെത്താം.


വെളുത്ത കാലാളടുക്കുമ്പോൾ
കറുത്ത കാലാൾ പിറകോട്ടോടുന്നു
കറുത്ത കാലാൾ ഉന്തിമാറ്റുന്നു കറുത്ത കാലാളിനെ
കെട്ടിപ്പിടിക്കുന്നു
വെളുത്ത കാലാൾ വെളുത്ത കാലാളിനെ
വെളുത്ത രാജാവ് വെളുത്ത രാജ്ഞിയെ
കറുത്ത രാജാവ് കറുത്ത രാജ്ഞിയെ
തമ്മിൽത്തള്ളുന്നു
വെളുപ്പും കറുപ്പും പുരോഹിതർ
വട്ടംകറങ്ങുന്നു തേരുകൾ കുതിരകൾ


ആരാരെ ഉന്തുന്നു വലിക്കുന്നു -
നോക്കി നോക്കി വർഗങ്ങളാക്കി
വെളുപ്പും കറുപ്പുമായ്
ആണും പെണ്ണുമായ്
മതവും മതവുമായ്.
കള്ളികൾ തിരിച്ച് കരുക്കൾ നിരത്തി
മുഖത്തെഴുതി പുരാണം പാടി
കളം വരച്ചു പട്ടികയാക്കി
കുത്ത് വര ചിത്രങ്ങളാക്കി
തത്വം പറഞ്ഞു സൂത്രം കുരുക്കി
വിശകലിച്ചു ഏകോപിച്ചു
നിഗമിച്ചു ടിപ്പണിച്ചു.
 

കരുവൊന്നിൻ മൂട്ടിലെ പുള്ളി കണ്ടതപ്പോൾ.
 

പുള്ളിയുള്ളവ 1 :
വെളുത്ത രാജ്ഞി
കറുത്ത രാജാവ്
വെളുപ്പും കറുപ്പും
തേരുകൾ കുതിരകൾ പുരോഹിതർ
വെളുത്ത കാലാൾ നാല്
കറുത്ത കാലാൾ ഏഴ്
ആകെ ഇരുപത്തഞ്ച്.
 

പുള്ളിയില്ലാത്തവ :
വെളുത്ത രാജാവ്
കറുത്ത രാജ്ഞി
വെളുത്ത കാലാൾ നാല്
കറുത്ത കാലാൾ ഒന്ന്
ആകെ ഏഴ്.
 

പുള്ളിയുള്ളവ തമ്മിലുന്തുന്നു
പുള്ളിയില്ലാത്തവ തമ്മിലുന്തുന്നു
ഉള്ളവയും ഇല്ലാത്തവയും തമ്മിൽ വലിക്കുന്നു.
വർഗബന്ധങ്ങളഴിച്ചു
പട്ടിക വെട്ടിപ്പുതുക്കി
ചിത്രസൂത്രങ്ങൾ മാറ്റി.
 

പുള്ളിയുള്ളവ തമ്മിൽ ഇല്ലാത്തവ തമ്മിൽ
നേർക്കുനേർ ഉന്തുന്നു
വശങ്ങളിലൂടെ വലിച്ചടുപ്പിക്കുന്നു
ഉള്ളവയും ഇല്ലാത്തവയും തമ്മിൽ
നേർക്കുനേർ വലിച്ചടുപ്പിക്കുന്നു
വശങ്ങളിലൂടെ ഉന്തുന്നു.
കീഴ്മേലായും വശങ്ങളിലായും
വർഗബന്ധങ്ങൾ പിരിച്ചെഴുതി.
 

പുള്ളിയുള്ളവ കൂടാനും
പുള്ളിയില്ലാത്തവ കുറയാനും
കൃത്യം ഇരുപത്തഞ്ചും ഏഴുമാവാനും
കാരണങ്ങൾ നിരത്തി.
ഇതുവരെയുണ്ടായിരുന്നതും
ഇപ്പോൾ ഉള്ളതും
ഇനിയുണ്ടാവാൻ പോവുന്നതുമായ
എല്ലാ കരുക്കൾക്കുമായി
ചലനനിയമങ്ങളൊരുക്കി.
 

ശകലിച്ചു കോപിച്ചു
ഗമിച്ചു പണിച്ചു.
 
 
 
ടിപ്പണി :
 
1. RATNA's King's Kingdom : Magnetic Chess Set, Prem Ratna Games & Toys, Mumbai

Saturday, February 02, 2013

ക ഖ ഗ ഘ ങ

എന്താ കുട്ടീ പേര് ?
കാഞ്ചനമാല
ആരുടെ മകൾ ?
കനകലതയുടെ

മിട്ടായി വേണോ ?
വേണ്ട
മൊബൈൽ ചിത്രങ്ങൾ ?
വേണ്ട
കാശു വല്ലതും ?
വേണ്ട
കുറച്ചുദൂരം കൂടെവരട്ടെ ?
ഒറ്റയ്ക്കു പോവാനറിയാം
എന്താവശ്യമുണ്ടെങ്കിലും പറയണം
ഒന്നും ആവശ്യമില്ല

കൈയിലെന്താ ?
പുസ്തകം
എന്താണതിൽ ?
ക ഖ ഗ ഘ ങ
 

(നിമിഷങ്ങളുടെ പുസ്തകം എന്ന സമാഹാരത്തിൽനിന്നും)





പ്രഭാതയുദ്ധം

അ എന്ന രാക്ഷസൻ വന്നു
ആ‍ എന്നലറി കിട്ടുണ്ണി
അ പേടിച്ചോടി
ഇ എന്ന രാക്ഷസൻ വന്നു
ഈ എന്നിളിച്ചു കിട്ടുണ്ണി
ഇ ഇല്ലാണ്ടായി
ഉ എന്ന രാക്ഷസൻ വന്നു
ഊ എന്നൂതി കിട്ടുണ്ണി
ഉ പറപറന്നു
ഋ വന്നപ്പോൾ ധൂ എന്നു തുപ്പി
എ ഏ ഐ കളെ
ഒ ഓ ഔ കുലുക്കുഴിഞ്ഞു ചീറ്റി
അം വന്നപ്പോൾ
അഃ നാക്കുനീട്ടി
-കഴിഞ്ഞു പല്ലുതേപ്പ്.