Wednesday, May 22, 2013

ധ്വന്യാലോകം


വാലിന്റെ തുഞ്ച്
ഞാൻ വാക്കിലൊളിപ്പിച്ചു

വളർന്നു വാക്കുകളിൽ
അടിക്കാട് വള്ളിപ്പടർപ്പ്
വൻ‌മേലാപ്പ് ഇലത്താര
തണുപ്പ് മണം

വാക്കിനും വാക്കിനുമിടയ്ക്ക് വിടവിൽ
ഒളിപ്പിച്ചു മഞ്ഞയുംകറുപ്പും വരകൾ

വെട്ടിത്തിളക്കം ഇരുട്ടിലൊളിപ്പിച്ചു

കടക്കുന്നിടതൂർന്നതാളിലേയ്ക്കാരോ
വജ്രം തിരഞ്ഞ്

കാണുമോ പതറും കണ്ണിൽ
വാലറ്റം പുഴുക്കുഞ്ഞായ്
ശലഭച്ചിറകായ് വരകൾ
വെട്ടം മിന്നാമിന്നിയായ് ?

കാണുമോ മിന്നൽനോട്ടത്തിൽ
വിശക്കും രൂപം ?

Friday, May 10, 2013

വൃത്തത്തിൽ ഒരു പയറ്റ്


പ്രിയപ്പെട്ട സഖേ, പൊറുക്കുകെന്നോട്
പറഞ്ഞുപോയി ഞാൻ പരുഷവാക്കുകൾ.
അറിയുക, നിന്റെ അപഥസഞ്ചാരം
അറിഞ്ഞിരുന്നിട്ടും, അതു വമനേച്ഛ
വരുത്തിയെന്നിട്ടും, മുഖത്തുനോക്കി ഞാൻ.
ഇതുപറയുന്ന,തിനിവേണ്ട നിന-
ക്കൊളിയ്ക്കുന്നെന്നോട് രഹസ്യമെന്നൊരു
മനഃപീഡയെന്നു കരുതിമാത്രവും.

പറയാനുമോർക്കാനും
പാപങ്ങൾമാത്രമെന്നോ ?
പണ്ടു ചുമന്നതെന്ത് ?
പാപച്ചുമടാർക്കിന്ന് ?
പാപങ്ങളാണോ സത്യം ?
പകുത്തുനോക്കിയാർക്ക്
പിടിച്ചെടുക്കാം പൊരുൾ ?

നിനക്കു ജീവനിൽ ഒരിയ്ക്കൽമാത്രമായ്
വരും പിഴവെന്നു സഹതപിച്ചു ഞാൻ
അറിയാ,മെങ്കിലും സഹജഭാവം നീ
പലകുറി വീണ്ടും തെളിച്ചു കാട്ടിടും.
എനിയ്ക്കു തീരെയും സഹിക്കുന്നില്ല, നീ
ശരീരകാമന ശരിയെന്നോർത്തത്,
വെളിപ്പെടുത്താത്ത മുഖവുമായ് നിന്റെ
പലരുമായ് കൂടിക്കലർന്ന കേളികൾ,
സ്വയമപരനായ് കഥ മെനഞ്ഞു നീ
മുഖത്തെഴുതും കഴുതപ്പുലിച്ചിരി.

പാപങ്ങൾ മാച്ച് മുഖം
പളുങ്കായ് കാട്ടൽ നാട്യം
പാപങ്ങളേറ്റ് സ്വയം
പരിഹസിക്കൽ സൂത്രം
പാപിയെന്ന വിളിയാൽ
പേപ്പെട്ട് പായൽ സത്യം
-പാടില്ല കർത്താവാകൽ
പാടാം കർമ്മണിത്താര

നിനക്കു ബോധിച്ചപടി നടക്കുവാൻ
നിനക്കു സ്വാതന്ത്ര്യം. വെറുതെയെന്തിന്
വിഷമപ്പെട്ടു ഞാൻ, സുഹൃത്തിനോടുള്ള
കരുണയല്ലെങ്കിൽ ? എനിയ്ക്കില്ലിങ്ങനെ
മനം‌പിരട്ടേണ്ട ഒരുകാര്യം‌പോലും,
എനിയ്ക്കു കൂട്ടിനായ് അഹത്തിൻ വേദാന്തം
അകച്ചിമിഴിലായ് തെളിയും ദൈവതം.

പുണ്യംചെയ്തവരുടെ
പകിട്ടു പൊലിപ്പിക്കാൻ
പുതുക്കും കരുണയിൽ
പൊറുത്തുവെന്നു കാട്ടാൻ
പുണ്ണിന്മേലിടയ്ക്കൊന്നു
പോറി വേദനിപ്പിയ്ക്കാൻ
പാപിയായുണ്ടാവണം
പാപിയുന്നുതോന്നണം
പാപിവിളികേൾക്കണം
പാപം സമ്മതിക്കണം

പിരിയാമീവഴി : ഇരുവർക്കന്യോന്യം
ശുഭമാശംസിക്കാം, അകന്നുപോയിടാം
എനിയ്ക്കറിയാം നീ വിളിയ്ക്കി,ല്ലെങ്കിലും
ദയവായെന്നെ നീ വിളിയ്ക്കരുതിനി.

പറഞ്ഞുതീരുമെപ്പോൾ
പാപക്കൂത്തുപാഠകം ?

അവസാനമായി : പിടിവരെ നിന്റെ
കരളിലാഴ്ത്തട്ടെ വിഷക്കഠാര ഞാൻ-
പ്രിയപ്പെട്ട സഖേ, പിടയുന്ന ദേഹം
തിരിഞ്ഞുനോക്കാതെ നടന്നകലട്ടെ.

Wednesday, May 01, 2013

മഞ്ഞ മണങ്ങൾ


ഒന്ന്- ഒളിച്ചുകളി
സ്വപ്നങ്ങളിൽ
ഒളിച്ചുകളിയ്ക്കാൻ
ഉണ്ണിക്കുട്ടനും 1
അപ്പുക്കുട്ടനും ഗോപിയും 2
ലോഹിതനും 3
പഠിപ്പിച്ചു.
കഡു വനത്തിൽ
പഞ്ചസാരത്തരികളേന്തിയ ഉറുമ്പുകളുടെ
വരി നോക്കി പിന്നോട്ടു പോയി
കൊള്ളക്കാരുടെ ഗുഹ കണ്ടെത്തിയ
കപീഷ് 4
താളുകൾക്കിടയിലെ ഗുഹാവഴികൾ
പഠിപ്പിച്ചു.

മായാവി ഓടിക്കേറിയ
രക്തം പാലായി ഒഴുകിവന്ന ഗുഹ,5
വജ്രം തേടിവന്നവന്റെ മുൻപിൽ
സിംഹച്ചുവടുകൾ നീണ്ടുചെന്നു തൊട്ട ഗുഹ,6
ടോമും ബെർത്തയും
ചരടു പിടിച്ച് വഴി കണ്ടെത്തിയ ഗുഹ,7
വാക്കുകൊണ്ട് തുറന്ന ഗുഹ.8
കോമളവല്ലി കൊട്ടാരപീഠത്തിനടിയിലൊളിച്ചത്,9
വള്ളിയംബറാണിയും നാഗരും മലമറഞ്ഞത്,10
ചിത്രഭിത്തിയിലെ സിംഹക്കണ്ണിൽ
വിക്കിരൻ കുത്തിയപ്പോൾ വാതിൽ തുറന്നത്.11

താളുകൾക്കിടയിൽ തുറക്കുന്ന വാതിലിലൂടെ
അകത്തു കടക്കാ‍ൻ
അപ്പുറത്തു തന്നെ കഴിയാൻ
കൊതിച്ച കുട്ടി
ഏതു ഗുഹാമുഖത്ത്
വാക്കിൻ താക്കോൽ പരതുന്നിപ്പോൾ ?

രണ്ട്- ബ്രാം
വിശ്വസാഹിത്യമാലയിലെ
ബ്രാംസ്റ്റോക്കർ ഡ്രാക്കുള മുഖം
കണ്ടു പേടിച്ച കുട്ടി
(അച്ഛൻ ആദ്യം വായിക്കാനായി
ഒളിപ്പിക്കുന്ന പുസ്തകങ്ങൾ
കുഴിച്ചെടുക്കൽ
കുട്ടിക്കാല നിധിവേട്ട :
ടാർസനും കൂട്ടുകാരും അലമാരപ്പുറത്തുനിന്ന്
ഡ്രാക്കുള മെത്തയ്ക്കടിയിലെ പതിവുസ്ഥലത്തുനിന്ന്
ഭൂതനാഥൻ 12 നാലാംഭാഗം മേശവലിപ്പിൽനിന്ന്,
ബാക്കി ഭാഗങ്ങൾ അച്ഛന്റെ സ്വപ്നത്തിൽനിന്ന്.)
പലയിനം ഡ്രാക്കുളകളിൽ
മുന്തിയത് ബ്രാംസ്റ്റോക്കറെന്ന്
വിറച്ച വിറ
വർഷങ്ങൾക്കിപ്പുറവും
ബ്രാം
എന്നു കമ്പനം കൊള്ളുന്നു.

മൂന്ന്- ചിത്രപുസ്തകം
കോക്കിക്കഷണം കൺ‌മിഴിച്ച
ആകാശച്ചോടെ
മിനുസവർണ്ണക്കടലാസിൽ വിരിഞ്ഞു
സോവിയറ്റ്നാട് കഥകൾ :
ആപ്പിളും ചുമന്നുപോയ മുള്ളൻ‌പന്നി
മീൻ‌വല തൂക്കുകിടക്കയാക്കിയ കുരങ്ങൻ
എലികൾ മുയലുകൾ താറാവുകൾ
തീവണ്ടികൾ തുരങ്കങ്ങൾ
മഞ്ഞ്
ചുക്കും ഗെക്കും 13 കണ്ട പാതകൾ
മുന്തിരിക്കുരു തിന്ന് പേടിച്ച കുട്ടി 14
ലൈബ്രറിയിൽ
തിക്കിത്തിരക്കിവന്ന് കെട്ടിപ്പിടിച്ച
സ്കൂൾ‌കുട്ടികൾ 15
ഹസ്സൻ അബ്ദുറഹിമാൻ ഐബൻ ഹോട്ടോബിച്ച് 16
- നക്ഷത്രങ്ങളായ് വിടർന്ന്
കത്തിയമർന്ന
വിഷുപ്പൂത്തിരികൾ.

പൂച്ചച്ചിരി തെളിഞ്ഞു തുടങ്ങിയ
ആകാശച്ചോടെ
റഷ്യ പിന്നെയും വാതിൽ മറഞ്ഞുനിന്ന്
മലയാളത്തിൽ ഉമ്മവെച്ചുണർത്തി :

വൊളോകൊലാംസ്ക് ഹൈവേ 17യിലൂടെ
പട്ടാളബൂട്സുകൾ അകന്നുപോയി.

ഒന്നാമത്തെ നീണ്ട താടിക്കാരൻ
കുറ്റവും ശിക്ഷ 18യുമായി
കഴുത്തിൽ മുറുകി.
ഒരിയ്ക്കലുമൊടുങ്ങാത്ത
ശ്വാസം‌മുട്ടൽ പിടച്ചടിക്കൽ,
ചുഴലിദീനപീഡയുടെ
ആനന്ദവും തളർച്ചയും
(അച്ഛൻ എഴുതിത്തന്ന
തടിച്ചപുസ്തകപ്പേരുകളുമായി
പഞ്ചായത്തുലൈബ്രറിപ്പടിചവിട്ടൽ :
ഭൂതാവിഷ്ടർ 19 എന്ന പേരിൽ ഒരു പ്രേതം മണത്തത്,
കാരമസോവ് സഹോദരന്മാരി 20ൽ ഒരു ഡിറ്റക്ടീവ്).

രണ്ടാമത്തെ നീണ്ട താ‍ടിക്കാരന്റെ
ഒറ്റനോട്ടത്തിൽ തുളയ്ക്കപ്പെട്ടു പ്രപഞ്ചം.
സെന്റ്‌പീറ്റേഴ്സ്ബർഗിലേയ്ക്കുള്ള വഴിയോരത്തെ ഓക്കുമരം 21
ജനാലയ്ക്കൽ നിലാവുനോക്കിനിന്ന പെൺകുട്ടി 22
വെടിയേറ്റു വീണവന്റെ കണ്ണുകളിലേയ്ക്കിറങ്ങിവന്ന ആകാശം 23
കാട്ടിലെ സന്ധ്യ
ചില്ലയ്ക്കും ചില്ലയ്ക്കുമിടയിലെ അമ്പിളി
തണുപ്പ് പടരുമിരുട്ട്
ചീവീട് രാപ്പക്ഷി 24
വണ്ടിയ്ക്കു ചാടും‌മുൻപത്തെ നിമിഷം
അവൾ കണ്ട റെയിൽ‌പണിക്കാരൻ 25
- മല ചിവിട്ടിയെത്തുന്നയാൾ
ഓരോതവണയും പുതുതായി
ആ വരികൾകൊണ്ടു പടുക്കുന്നു
ആലയം.

നാല്- ആനമുടി
ഝില്ലിഝങ്കാരനാദ 26ത്തിൽ
മുഴങ്ങുന്ന കാൽത്തളകളിട്ട്
വലിയ ചുവടുകൾ വെച്ചുവന്ന
പഴമൻ
വാരിയെടുത്തു തോളത്തുവെച്ച്
വൻ‌കാട്ടിനുള്ളിലേയ്ക്കു നടന്നു.
ഒടിമറഞ്ഞു
ഓരികൾ
പന്നിത്തേറ്റകൾ
കഴുതപ്പുലിച്ചിരി.
ആ തോളത്തിരുന്നു കണ്ടു
ഇലപ്പടർപ്പിൽ പതുങ്ങുന്ന കടുവയെ
ശമിയായ സിംഹത്തെ
മദഗജത്തെ.
കുഞ്ചൈക്കുട്ടിപ്പിള്ള നടന്നുപോയ വഴി 27
ചന്ത്രക്കാറനെ ചൂന്ന കയം.28

ഉരുട്ടുചെണ്ടയുടെ താളത്തിൽ
ഒരായിരം മൊഴികളിൽ
ഉയർന്നു വായ്ത്താരി,
പെയ്തു തീയും മാരിയും,
കത്തിയെരിഞ്ഞു ഉൾക്കടൽ.

ആ കാൽ‌വെപ്പിൽ
കുനിഞ്ഞ കൊടുമുടിയ്ക്കറിയാം
ഇനി കുനിഞ്ഞുതന്നെയിരിക്കണമെന്ന്.

ന്റുപ്പുപ്പാ, ങ്ങളോട്
ഒരു ഒറ്റപ്പെരുങ്കൈ നോക്കാൻ 29
നിയ്ക്കു മോഹം.

അഞ്ച്- നാഡികൾ
ചേച്ചി പിടിച്ചു പറിയ്ക്കയാൽ
പീച്ചാംകുഴലില്ലാതായ 30സങ്കടം
ഓരോ മഴയും മഞ്ജരി പാടി.
ഉണരുവിൻ വേഗമുണരുവിൻ 31എന്ന്
ഓരോ വെളുപ്പാൻ കാലത്തും
നീലരശ്മികൾ വന്നുഴിഞ്ഞു.
മഞ്ഞച്ചേല ചുറ്റിയ
പാലിന്റെ തൈരിന്റെ നെയ്യിന്റെ മണമുള്ള
പാട്ടു 32 മുലചുരത്തി.
അന്തിയ്ക്ക് ആകാ‍ശത്ത്
വാശിക്കാരനായ കുട്ടി
ചോളപ്പൊരികൾ വാരിച്ചിന്നി.33

ഉണർന്നെണീറ്റപടി
മുതിരാൻ കുതിച്ചപ്പോൾ
പൊട്ടിപ്പോയ നൂലിഴകൾ.

വർഷങ്ങൾ കഴിഞ്ഞ്
നേർത്ത് നേർത്ത് കേട്ട സാന്ധ്യമൊഴി,
ഒരു നറുകണ്ണാന്തളിമലരായ് 34
വിടർന്ന വാക്ക്.


അ തൊട്ട്
വീണ്ടും വിരൽ പിടിപ്പിയ്ക്കുന്നു
എഴുത്തച്ഛന്മാർ.

ആറ്‌- വഴി
പുതിയ മൊഴിമാറ്റ 35മെങ്കിലും
ഡോൺ ക്വിൿസോട്ട്
അരികുകളിൽ മഞ്ഞ പടർന്ന്
വയസ്സൻ പുള്ളികൾ വീണ്
വിഷാദവാനായി
ചിതലരിച്ച കുതിരപ്പുറത്ത്
വടികുത്തിപ്പിടിച്ചിരുന്നു,
വഴി നീണ്ടു,
ചെറുവട്ടവും
പതിനൊന്നു വരകളുമുള്ള
പുരാതന സൂര്യനു ചോടെ.36

മരങ്ങൾ മണക്കുന്ന
ഇടയ്ക്കോരോകല്ലിളകിക്കിടക്കുന്ന
വളഞ്ഞു വളഞ്ഞു പോകുന്ന
നാട്ടുവഴിയിലങ്ങിങ്ങ്
ഉണങ്ങിയ പഴംതേക്കുകാലുകൾ
തെളിച്ചുപിടിക്കും
മഞ്ഞ വെട്ടം,
രണ്ടു ലോകങ്ങൾക്കിടയിൽ ഒരു കീറായി 37
അന്തി മായുന്ന
അവസാന നിമിഷത്തെ
ആകാശച്ചോടെ.

ഏഴ്- മൊഴി
അതു പരത്തും തുടുത്ത വെളിച്ചത്തിൽ
തല കുനിച്ചു മുനിഞ്ഞിരുന്നങ്ങനെ -38


1.  നന്തനാരുടെ ‘ഉണ്ണിക്കുട്ടന്റെ ലോകം’
2.  കെ. വി. രാമനാഥന്റെ ‘അപ്പുക്കുട്ടനും ഗോപിയും’, ഒപ്പം അവർ കഥാപാത്രങ്ങളായ ‘അത്ഭുത വാനരന്മാർ’ ഉൾപ്പടെയുള്ള കൃതികളും
3.  മാലിയുടെ ‘കിഷ്കിന്ധ’
4.  പഴയ ബാലപ്രസിദ്ധീകരണമായ ‘പൂ‍മ്പാറ്റ’യിൽ
5.  രാ‍മായണത്തിലെ ബാലിയും മായാവിയുമായുള്ള യുദ്ധം
6.  ഭാഗവതത്തിലെ സ്യമന്തക കഥ
7.  മാർൿട്വയിനിന്റെ ‘അഡ്വഞ്ചേഴ്സ് ഓഫ് ടോംസോയറി’ ന് കെ. തായാട്ടിന്റെ മൊഴിമാറ്റമായ ‘ടോം എന്ന കുട്ടി’ യിൽ
8.  ആലിബാബയും നാൽ‌പ്പതു കള്ളന്മാരും
9.  കുംഭകോണം ടി.എസ്.ഡി.സാമി ഒരു ഇംഗ്ലീഷ് നോവലിനെ ആധാരമാക്കി രചിച്ച തമിഴ് നോവലിന് തരവത്ത് അമ്മാളു അമ്മയുടെ മൊഴിമാറ്റമായ ‘കോമളവല്ലി’ യിൽ
10. കപ്പനകൃഷ്ണമേനോന്റെ നോവലായ ‘വള്ളിയംബറാണി’ യിൽ
11. കപ്പനകൃഷ്ണമേനോന്റെ നോവലായ ‘ചേരമാൻ പെരുമാളി’ ൽ
12. ഭൂതനാഥൻ : ദേവകിനന്ദൻ‌ഖത്രി ആറുഭാഗങ്ങളിൽ എഴുതുകയും അദ്ദേഹത്തിന്റെ മരണശേഷം മകൻ ദുർഗ്ഗാപ്രസാദ്ഖത്രി കുറച്ചുഭാഗങ്ങൾ കൂട്ടിച്ചേർത്ത് പൂർത്തിയാക്കുകയും ചെയ്ത ഹിന്ദി നോവൽ
13. ചുക്കും ഗെക്കും : അർക്കാദി ഗൈദാർ എഴുതിയ റഷ്യൻ ബാലസാഹിത്യകൃതി
14. ലിയോ ടോൾസ്റ്റോയിയുടെ ബാലകഥ
15. സ്കൂൾ‌കുട്ടികൾ :  എൻ. നൊസോവ് എഴുതിയ റഷ്യൻ ബാലസാഹിത്യകൃതി
16. ‘ആയിരത്തൊന്നു രാവുകൾ’ എന്ന റഷ്യൻ ബാലസാഹിത്യകൃതിയിലെ ജിന്ന്
17. വൊളോകൊലാംസ്ക് ഹൈവേ : രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യ-ജർമ്മനി യുദ്ധം പ്രമേയമാക്കിയ, അലക്സാണ്ടർ ബെകിന്റെ  നോവൽ
18. ഫയദോർ ഡോസ്റ്റോവ്സ്കിയുടെ നോവലിന് ഇടപ്പള്ളി കരുണാ‍കരമേനോന്റെ മൊഴിമാറ്റം
19, 20. ഫയദോർ ഡോസ്റ്റോവ്സ്കിയുടെ നോവലുകൾക്ക് എൻ. കെ. ദാമോദരന്റെ മൊഴിമാറ്റങ്ങൾ
21-23.  ലിയോ ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ എന്ന നോവലിലെ സന്ദർഭങ്ങൾ
24, 25. ലിയോ ടോൾസ്റ്റോയിയുടെ ‘അന്നാകരേനിന’ എന്ന നോവലിലെ സന്ദർഭങ്ങൾ
26. സി. വി. രാമൻപിള്ളയുടെ ‘മാർത്താണ്ഡവർമ്മ’ യിലെ ആദ്യ വാക്ക്
27, 28.  സി. വി. രാമൻപിള്ളയുടെ ‘രാമരാജബഹദൂറി’ ലെ സന്ദർഭങ്ങൾ
29. “പെണ്ണെന്തെടാ, പിഞ്ചെന്തെടാ ? ആണായിപ്പിറന്നാൽ ഒരു ഒറ്റപ്പെരുങ്കയ്യെങ്കിലും നോക്കണം. അല്ലാണ്ട് പിറവി എന്തിന്, ഉയിരെന്തിന് ?” - സി. വി. രാമൻപിള്ളയുടെ ‘ധർമ്മരാജാ’ യിൽ ചന്ത്രക്കാറൻ
30. കെ. കെ. രാജയുടെ ‘മഴ കണ്ട കുട്ടി’ എന്ന കവിത
31. കുമാരനാശാന്റെ ‘പ്രഭാതനക്ഷത്രം’ എന്ന കവിത
32. ചെറുശ്ശേരിയുടെ ‘കൃഷ്ണപ്പാട്ട്’
33. വള്ളത്തോളിന്റെ ‘ഉറക്കുപാട്ട്’ എന്ന കവിത
34. ആർ. രാമചന്ദ്രന്റെ ‘പ്രലോഭനം’ എന്ന കവിത
35. എഡിത് ഗ്രോസ്മാന്റെ ‘ഡോൺക്വിൿസോട്ട്’ മൊഴിമാറ്റം (2003)
36. പാബ്ലോ പികാസോയുടെ ‘ഡോൺക്വിൿസോട്ട്’
37. “Twilight is the crack between two worlds” : കാർലോസ് കാസ്റ്റനേഡയുടെ ‘ടീച്ചിങ്സ് ഓഫ് ഡോൺ ജുവാനി’ ലെ ഡോൺ ജുവാൻ എന്ന റെഡ്‌ഇൻഡ്യൻ ഷാമാൻ.
38. എൻ. എൻ. കക്കാടിന്റെ വരികൾ (ശിഷ്യനായ ഗുരു)