Sunday, June 16, 2013

ജാതക കഥകൾ

ഒന്ന്
ഓർമ്മവെച്ചപ്പോൾ
ഒരു ചിലന്തിയായിരുന്നു.
കുളിമുറിയുടെ തുറന്ന വെന്റിലേറ്ററിലൂടെ
അകത്തു കടന്നു, ടൈൽ‌സിന്റെ തണുപ്പുപറ്റി
മൂലയ്ക്കു പതുങ്ങിയുറങ്ങി.
വെളിച്ചം കുത്തിത്തുളച്ചുവന്നു, തട്ടിപ്പിടഞ്ഞോടി
ചൂലുകൊണ്ടുള്ള ആദ്യത്തെ അടിയിൽ
രണ്ടുകാലുകളൊടിഞ്ഞുവീണു, എന്നിട്ടുമോടി
നടും‌പുറത്തുവീണ അടുത്ത അടിയിൽ
ചുരുണ്ടുകൂടിപ്പോയി.
പകുതിബോധത്തിലറിഞ്ഞു
ചൂലിന്റെ ഇഴകളിൽ എടുത്തുയർത്തപ്പെടുന്നത്
ക്ലോസറ്റിലേയ്ക്കെറിയപ്പെടുന്നത്.
കഷ്ടപ്പെട്ടു കണ്ണുമിഴിച്ചപ്പോൾ
മുകളിൽനിന്നും മൂത്രം വന്നുവീണു
വെള്ളപ്പാച്ചിലോടൊപ്പം താഴോട്ടു താഴോട്ടു പോയി.

രണ്ട്
ഓന്തായി പിന്നെ.
തെങ്ങിൻപിറകിൽ പതുങ്ങിയ ഇണ
ഒളിഞ്ഞുനോക്കുമ്പോൾ കണ്ടുകൊള്ളട്ടെയെന്ന്
കഴുത്തു ചുവപ്പിച്ച്
മുൻ‌കാലുകളിലുയർന്നു നിൽക്കുമ്പോൾ
കല്ലു തലയ്ക്കുകൊണ്ടു.

മൂന്ന്
മുട്ടവിരിഞ്ഞുണർന്നത് കമ്പിവലക്കൂട്ടിൽ.
ചോരയുടെ മണവും
അറക്കാ‍ൻപിടിക്കുമ്പോഴുള്ള അലറിക്കരച്ചിലും.
കൊക്കുനിറച്ച് തീറ്റകൊത്തിക്കൊണ്ടിരുന്നു.
തൂക്കാൻ പിടിച്ചപ്പോഴാണ്‌
വളർച്ചയെത്തിയെന്നറിഞ്ഞത്
കഴുത്തു കീറുമ്പോൾ തലകുത്തനെ കണ്ടു
തീറ്റകൊത്തിക്കൊണ്ടിരിക്കുന്ന
ഒടപ്പിറന്നോരെ.

നാല്
പട്ടിയായി കളിച്ചുനടന്നു.
റോഡരികിലൂടെ നടക്കുമ്പോഴാണ്
പാഞ്ഞുവന്ന ബൈക്കിൽനിന്നും വടിവാൾ നീണ്ടത്.
കഴുത്തറ്റുതൂങ്ങിയ കിടപ്പ്
മാറിനിന്നു നോക്കിയപ്പോൾ
ഇനിയെത്ര കളിക്കാനുണ്ടായിരുന്നെന്ന്
സങ്കടംവന്നു.

അഞ്ച്
കളിച്ചുതുടങ്ങാനേ പറ്റിയില്ല
കന്നുകുട്ടിയായപ്പോൾ.
വയറ്റിൽ കിടക്കുമ്പോഴേ അമ്മയെ വെട്ടി
വലിച്ചുപുറത്തെടുക്കുമ്പോഴും ചത്തിട്ടില്ലായിരുന്നു.
ചവറുകൂനയിൽ
കൈയും കാലും കുത്തി എണീക്കാ‍ൻ നോക്കിയതാണ്,
തളർന്നുറങ്ങി.

ആറ്‌
മനുഷ്യക്കുട്ടിയായി.
കന്നിനെ വെട്ടാത്ത നാടായിരുന്നു,
മനുഷ്യനെ വെട്ടുമായിരുന്നു.
വയറ്റിൽ കിടക്കുമ്പോൾ വീണ്ടും അമ്മയെ വെട്ടി
വലിച്ചെടുത്ത് തീയിലേക്കിട്ടതറിഞ്ഞു.

ഏഴ്
അമ്മയ്ക്കു വെട്ടുകൊള്ളാതെ പുറത്തുവന്നപ്പോഴാണ്
വയറ്റിൽ‌വെച്ചുതന്നെ പലവെട്ടുകൾ
സ്വന്തം ദേഹത്തു വീണതറിഞ്ഞത്.
വളഞ്ഞുപിരിഞ്ഞ കൈകാലുകളും
വലിയ തലയുമായി
കരഞ്ഞുകൊണ്ടിരുന്നു,
അമ്മിഞ്ഞ കുടിക്കാ‍തെ
അക്ഷരം പഠിക്കാതെ
അലിഞ്ഞുതീർന്നു.

എട്ട്
മനുഷ്യനായി
ശരിയായ കൈകാലുകളും ശരിയായ തലയുമായി
മധ്യവയസ്സിലെത്തിയ ബോധിസത്വനോട്
തീൻ‌മേശപ്പുറത്ത്
മകൾ ചോദിച്ചു,
എന്താ അഹിംസ ?

Sunday, June 09, 2013

ഇരുപത്തൊന്നാം നൂറ്റാണ്ട്

ഒന്ന്
സിറ്റിസെന്ററിന്റെ ഒന്നാംനിലയിൽനിന്നും
താഴോട്ടുനോക്കിനിൽക്കുകയായിരുന്ന
പലരിൽ ഒരാൾ
പെട്ടെന്ന് അലറിക്കൊണ്ട്
തല നെഞ്ചിലേയ്ക്കു താണ്
കൈകൾ അടിവയറ്റിലമർത്തി
കാ‍ൽമുട്ടുകളടുത്തുവന്ന്
രണ്ടായ്മടങ്ങി
നിലത്തേയ്ക്കു വീണു.
ഓടിക്കൂടിയവർ താങ്ങിക്കിടത്തിയപ്പോൾ
കൊടിമരം കണക്ക് കുലച്ചുനിൽക്കുന്നു ലിംഗം
അയാളുടെ കൈകൾ അതിന്റെ മുരട്ടിൽ പിണഞ്ഞിരുന്നു
തല വശത്തേയ്ക്കു കോടിയിരുന്നു
കണ്ണുകൾ മലച്ചിരുന്നു
ഓരോതവണയും മുരൾച്ച പൊങ്ങുമ്പോൾ
വായ്ക്കോണിലെ പതയിൽ കുമിളകളുയർന്നു പൊട്ടിയിരുന്നു.

അതായിരുന്നു തുടക്കം :

രണ്ട്
ആണുങ്ങൾക്ക് ലൈംഗികാകർഷണം തോന്നിയാൽ ലിംഗത്തിലേയ്ക്ക് ചോര ഇരച്ചുകയറി വലിഞ്ഞുമുറുകുന്നതു സാധാരണം. പക്ഷേ കമ്പിദീനം എന്നറിയപ്പെടുന്ന ഈ അസുഖത്തിൽ (ശാസ്ത്രീയനാമം : ഹോമോ ഇറക്റ്റസ്) ക്രമാതീതമായി ചോര കയറുകയും പിന്നെതിരിച്ചിറങ്ങാ‍തെ അവിടെത്തന്നെ കല്ലിച്ച് നീലലിംഗ(Blue Penis)മാവുകയും ചെയ്യുന്നു. കടുത്ത വേദനയിൽ രോഗി അപസ്മാരലക്ഷണങ്ങൾ കാണിച്ചേക്കാം. ലിംഗം പഴയ അവസ്ഥയിലാവണമെങ്കിൽ ശസ്ത്രക്രിയ വേണം. ഇതൊരു പകർച്ചവ്യാധിയല്ലെങ്കിലും, ഏതാനും ആഴ്ചകൾക്കുള്ളിൽ വിവിധ പ്രായത്തിലുള്ളവരും വ്യത്യസ്ഥ ജോലികളിൽ ഏർപ്പെടുന്നവരുമായ ആയിരക്കണക്കിന് ആണുങ്ങളിൽ രോഗം കണ്ടെത്തിയ സ്ഥിതിയ്ക്ക്, ഏതെങ്കിലും വൈറസ്ബാധ ഇതിനു പിന്നിലുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഭീകരാക്രമണത്തിനുള്ള സാധ്യതയും സർക്കാർ തള്ളിക്കളയുന്നില്ല. അടിയന്തിര നടപടികളായി, കൂടുതൽ ശസ്ത്രക്രിയായൂണിറ്റുകൾ എല്ലാ ജില്ലാ‍ആസ്പത്രികളിലും ഒരുക്കിയിട്ടുണ്ട്, ദേശീയ ഗവേഷണകേന്ദ്രങ്ങളോട് പ്രതിരോധനിർദ്ദേശങ്ങൾ ആരാഞ്ഞിട്ടുണ്ട്, മതേതരമായി സ്ത്രീകളെല്ലാവരും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം‌ ധരിച്ചുമാത്രം പുറത്തിറങ്ങാൻ ഉത്തരവുമുണ്ട്.

മൂന്ന്
ട്രാഫിൿസിഗ്നൽ ചുവപ്പായപ്പോൾ
ചെമ്പൻ‌മുടിക്കാരായ ആണുങ്ങളുടെ സംഘം
കൈപിടിച്ച് കൂട്ടമായി
റോഡുമുറിച്ചുകടക്കാൻ തുടങ്ങി.
വശങ്ങളടക്കം മൂടുന്ന കറുത്ത കണ്ണടയും
വെളുത്ത ഊന്നുവടിയുമായി
ഒരാൾ മറ്റൊരാളുടെ കൈപിടിച്ചുകൊണ്ട്.
വഴിയോരത്തും വാഹനങ്ങളിലും
കാഴ്ച കാണാൻ
പെണ്ണുങ്ങൾ.

നാല്
കമ്പിദീനനാളുകളിൽ നാട്ടിലെ രോഗബാധിതരായ ആണുങ്ങളെല്ലാം ലിംഗത്തിലേയ്ക്കുള്ള ചോരയോട്ടം കുറയ്ക്കുന്ന ശസ്ത്രക്രിയയ്ക്കു വിധേയരായി. ലക്ഷണങ്ങൾ തുറന്നു പറയാൻ രോഗികൾ തയ്യാറാവാഞ്ഞതിനാൽ, വൈകിയാണു മനസ്സിലായത്, ശസ്ത്രക്രിയ കാരണം ലിംഗം പൊങ്ങാതാവുമെന്ന്. മറുക്രിയയിലൂടെ ചോരയോട്ടം പഴയപടിയാക്കിയവരിൽ കമ്പിദീനം വീണ്ടും പ്രത്യക്ഷപ്പെട്ടു. അപ്പോഴേയ്ക്കും പുതൊയൊരു ആൺരോഗം പകർന്നു തുടങ്ങി - അമിതാസക്തി തോന്നിയാലുടൻ ശുക്ലം വീഴുക. ഇത് പുതിയതൊന്നല്ലെന്നും ഭാരതീയപുരാണങ്ങളിൽ‌പ്പോലും ഇതേക്കുറിച്ച് പരാമർശമുണ്ടെന്നും ഇത് പുരുഷ ഓജസ്സിന്റെ ബഹിർസ്ഫുരണമാണെന്നും ഒരു വാദമുണ്ട്. സ്ത്രീകളെല്ലാവരും ശരീരംമൂടിമാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂ. എന്നിട്ടും പെണ്ണുങ്ങളുടെ കണ്ണുകളും കാൽ‌മടമ്പുകളും വിരലുകളും നഖങ്ങളും ശബ്ദവും സ്പർശവും മണവും കുറേ ആണുങ്ങളിൽ ശുക്ലവീഴ്ചയ്ക്ക് ഇടയാക്കി. ഒരുദിവസം പത്തുതവണ ശുക്ലവീഴ്ചയുണ്ടായതിനെത്തുടർന്ന് ഒരു മുപ്പതുകാരൻ കുഴഞ്ഞുവീണപ്പോൾ കോടതി സ്വമേധയാ കേസെടുത്തു. കറുത്ത കണ്ണടയും കൈയുറയും സോക്സും ഷൂസും ധരിച്ചുമാത്രം, പെർഫ്യൂം ഉപയോഗിക്കാതെമാത്രം, ശബ്ദമുയർത്തി സംസാരിക്കാതെമാത്രം, ആണുങ്ങളെ തട്ടാതെമാത്രം, സ്ത്രീകൾ പുറത്തിറങ്ങിയാൽമതിയെന്ന് സർക്കാർ ഉത്തരവുണ്ടായി; പുറത്തിറങ്ങാതിരുന്നും പഴകുക എന്ന നിർദ്ദേശവും. ഇതിൽ പ്രതിഷേധിച്ച് സ്ത്രീകൾ മൂടുപടമുപേക്ഷിച്ച് തെരുവുകൾ കൈയേറി. സ്ത്രീകളും പുരുഷന്മാരും തമ്മിൽ പലയിടത്തും സംഘർഷമുണ്ടായി. ലൈംഗികാക്രമണങ്ങൾക്കു ശ്രമിച്ച പുരുഷന്മാർ കടുത്ത ശുക്ലവീഴ്ചയെത്തുടർന്ന് കൂട്ടത്തോടെ കുഴഞ്ഞുവീണു. അവരെ ആസ്പത്രികളിലെത്തിക്കാൻ സ്ത്രീകൾതന്നെ വേണ്ടിവന്നു. വിവിധ രാഷ്ട്രീയ സാമുദായിക മത സ്ത്രീ സംഘടനകളുടെ തുടർചർച്ചകൾക്കൊടുവിൽ രോഗാശങ്കയുള്ള പുരുഷന്മാർ കാഴ്ചമറയ്ക്കുന്ന കറുത്ത കണ്ണട ധരിയ്ക്കാൻ തീരുമാനമായി. അതിനകം പ്രധാന തൊഴിൽമേഖലകളിലെല്ലാം ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞ സ്ത്രീകൾ പണിമുടക്കുഭീഷണിയുയർത്തിയാണ് ഈ ജനാധിപത്യവിരുദ്ധമായ തീരുമാനം അടിച്ചേൽ‌പ്പിച്ചതെന്ന് ഒരുവിഭാഗം പുരുഷന്മാർ പ്രതിഷേധമുയർത്തിയെങ്കിലും ആരും അതു കാര്യമാക്കിയില്ല.

അഞ്ച്
രോഗികൾക്കായി
പ്രത്യേക ഇറക്കുമതി‌ഇളവ് പ്രഖ്യാപിക്കപ്പെട്ട
അവശ്യസാധനങ്ങൾ :
പോളിത്തീൻ ശുക്ലസഞ്ചി അടക്കംചയ്ത ജട്ടി
കാഴ്ച മറയ്ക്കുന്ന കറുത്ത കണ്ണട
വെളുത്ത ഊന്നുവടി
പെൺ‌മണം അറിയാതിരിയ്ക്കാൻ മൂക്കിനുതാഴെ പുരട്ടേണ്ട ക്രീം
കണ്ണുകാണാത്തവരെ മറ്റുള്ളവർക്ക്
ദൂരെനിന്നുതന്നെ തിരിച്ചറിയാൻ
അപകടസൂചകമായി
ചുവപ്പു ഹെയർഡൈ.

ആറ്‌
നാട്ടിലെ പകുതിയിലധികം ആണുങ്ങളും കടുത്ത രോഗപീഡയിലായി. സ്ത്രീസാമീപ്യമൊഴിവാക്കാൻ അവരെ പ്രത്യേക പുരുഷകോളനികളിൽ പാർപ്പിച്ചു. തൊഴിൽ‌രഹിതരായ ലൈംഗികസ്ത്രീതൊഴിലാളികൾക്ക് സർക്കാർ പുനരധിവാസവും പെൻഷനും പ്രഖ്യാപിച്ചു. അയൽനാടുകളിലേയ്ക്ക് വിവാഹാലോചനകൾ പെരുകി. തങ്ങൾക്കു ജനിക്കുന്ന കുഞ്ഞുങ്ങളെ അജ്ഞാത ലൈംഗികരോഗവൈറസുകൾ ആക്രമിച്ചേക്കുമോയെന്ന ഭീതിയിൽ നവദമ്പതികൾ അന്യനാടുകളിലേയ്ക്ക് സ്ഥിരതാമസം മാറ്റി. ദൂരദേശങ്ങളിൽനിന്നും പുരുഷവേശ്യകൾ ഇവിടെവന്ന് ഒളിഞ്ഞും തെളിഞ്ഞും ചുവന്ന തെരുവുകൾ തുറന്നു. പുരുഷവേശ്യാവ്യവസായം നിയമവിധേയമായി നടക്കുന്ന രാജ്യങ്ങളിലേയ്ക്ക് സ്ത്രീകൾക്ക് വിമാനകമ്പിനികൾ യാത്രാഇളവുകൾ പ്രഖ്യാപിച്ചു.

ഏഴ്
പെൺകുട്ടിയും ആൺകുട്ടിയും
ക്ലാസ് കഴിഞ്ഞ് കാമ്പസിലൂടെ
കൈ പിടിച്ച് നടന്നു,
ചിരിച്ച്, സ്നേഹിച്ച്.
നാടിന്റെ സദാചാരം സംരക്ഷിക്കാൻ
ആണുങ്ങളധികം ബാക്കിയുണ്ടായിരുന്നില്ല.
പക്ഷേ, ആ കർത്തവ്യം
നിഷ്ഠയോടെ ഏറ്റെടുത്തിരുന്ന
പെണ്ണുങ്ങളിലൊരുവൾ
അവരെ തടഞ്ഞ്
വിരട്ടാൻ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ,
പെട്ടെന്ന് അലറിക്കൊണ്ട്
തല നെഞ്ചിലേയ്ക്കു താണ്
കൈകൾ അടിവയറ്റിലമർത്തി
കാൽമുട്ടുകളടുത്തുവന്ന്
രണ്ടായ്മടങ്ങി
അവൾ നിലത്തേയ്ക്കു വീണു.


അതായിരുന്നു തുടക്കം :

Tuesday, June 04, 2013

ചിത്ര കഥ

ഒരു ദിവസം ലുട്ടാപ്പി
കുന്തത്തിൽ കയറി പോവുകയായിരുന്നു.

ലുട്ടാപ്പിയ്ക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.

ഇന്നും വഴിയിൽ
ആരേയെങ്കിലും കണ്ടുമുട്ടും
എന്തെങ്കിലുമൊന്ന് ഞാൻ തട്ടിപ്പറിക്കും
എല്ലാം കാണുന്ന മായാവി
മന്ത്രം ചൊല്ലും
കൺ‌തുറക്കുമ്പോൾ
ഞാൻ ഒരു പാറ്റയായിരിക്കുമോ ?

ലുട്ടാപ്പി കുന്തത്തിൽ പറന്നുകൊണ്ടിരുന്നു
കണ്ണുനിറഞ്ഞൊഴുകി കാഴ്ചമറഞ്ഞിരുന്നു.

മായാവിയുടെ ലീലയ്ക്കായി
കുറുമ്പൻ പിള്ളേർക്കു കളിക്കാനായി
ഓരോദിവസവും ഞാൻ പറന്നുചെല്ലുന്നു
പാറ്റയാവുന്നു തവളയാവുന്നു പമ്പാവുന്നു :
ആർപ്പുവിളികളോടെ
പതുക്കെ പതുക്കെ
വലിച്ചുകീറപ്പെടുന്ന ചിറകുകൾ,
ആണിയിൽ തറയ്ക്കപ്പെട്ട്
പിടയ്ക്കുന്ന തൊണ്ടയ്ക്കു താഴെ
പിളരുന്ന വയർ,
മണ്ണെണ്ണ പെയ്ത്
പതുക്കെ പതുക്കെ
തീപ്പെട്ടിക്കൊള്ളി വീഴുമ്പോൾ
ആളിക്കത്തുന്ന പിടയുന്ന ദേഹം.

മന്ത്രംചൊല്ലുന്നു മായാവി
മോക്ഷം കിട്ടുന്നു പിള്ളേർക്ക്
അടുത്ത കളിയ്ക്കായി
പറത്തിവിടുന്നെന്നെ.

ലുട്ടാപ്പി കുന്തത്തിലിരുന്ന് വിറയ്ക്കുന്നുണ്ടായിരുന്നു.

കാടിന്റെ അതിരിൽ പുഴയോരത്ത്
ഒരു പെൺകുട്ടി വിഷമിച്ചു നിൽക്കുന്നുണ്ടായിരുന്നു
ലുട്ടാപ്പി അവളെ കുന്തത്തിലിരുത്തി അക്കരെ കടത്തി
കണ്ണുകാണാത്ത അപ്പൂപ്പനും അമ്മൂമ്മയ്ക്കും
കുടത്തിൽ വെള്ളംകൊണ്ടുവന്നു കൊടുത്തു
കരയുന്ന കുട്ടിയെ കളിപ്പാട്ടം കാട്ടി ചിരിപ്പിച്ചു
കാട്ടുതീയിൽ‌പ്പെട്ട പക്ഷിക്കുടും‌ബത്തെ രക്ഷിച്ചു.

ലുട്ടാപ്പി കുന്തത്തിൽനിന്നിറങ്ങി
കടലാസിന്റെ നടുവിൽ നിന്നു,
അന്തംവിട്ട പിള്ളേരുടെ തുറുകണ്ണുകൾക്കു താഴെ,
എവിടെയുമെത്തുന്ന മായാവിയുടെ ശ്വാസം
പിൻ‌കഴുത്തിലറിഞ്ഞുകൊണ്ട്.

ലുട്ടാപ്പി ശാന്തനായി കാത്തുനിന്നു
കുരുശിലേറ്റപ്പെടാൻ.