Saturday, September 28, 2013

അച്ഛനും മകനും

മോന്റെ കൈപിടിച്ച്
ഞാൻ നടക്കുന്നു,
അവന്റെ തീരാത്ത ചോദ്യങ്ങൾക്ക്
മറുപടി പറഞ്ഞ്പറഞ്ഞ്
പൂച്ചവാൽ‌ച്ചെടി പറിച്ചുകൊടുത്ത്
കൊഴിഞ്ഞ ചമ്പകപ്പൂക്കൾ പെറുക്കിയെടുത്ത്

ഒരിയ്ക്കൽ‌പ്പോലും
എന്നോടൊപ്പം നടക്കാൻ‌വരാത്ത
അച്ഛനെയോർത്ത്

പണ്ട്
എനിയ്ക്കു ചോറുവാരിത്തന്നുകൊണ്ട്
അച്ഛൻ അച്ഛച്ഛനോടു ചോദിച്ചു,
എന്നെങ്കിലും എനിയ്ക്കു വാരിത്തന്നിട്ടുണ്ടോ ?
ഒന്നും‌മിണ്ടാതിരുന്ന അച്ഛച്ഛൻ
അച്ഛൻ കേൾക്കാതെ
അമ്മയോടു പറഞ്ഞു,
മോനു പനിപിടിച്ചപ്പോൾ
തോളിലിട്ട് നാഴികകൾ നടന്നത്
പട്ടി കടിച്ചപ്പോൾ കരഞ്ഞത്
അവൻ കുടിച്ചപ്പോൾ പാതിമരിച്ചത്

ഓരോ മകനും കണക്കുചോദിക്കുന്നു
കാലത്തിനു കറുകേ

ഓരോ മകനും വിചാരിക്കുന്നു
അച്ഛനേക്കാൾ നല്ല അച്ഛനെന്ന്

നാളെ
മോന്റെ കൈപിടിച്ച് നടക്കുമ്പോൾ
അവനെന്താവും ചോദിക്കുക ?

2 comments:

  1. അച്ഛന്‍-മകന്‍-അച്ഛന്‍.

    ReplyDelete
  2. മകൻ ദുഃഖമൊളിപ്പിച്ചാലും, ഒരു ടെലിപ്പതിയിലെന്ന വണ്ണം അതു മനസ്സിലാക്കുന്ന ഒരച്ഛനെ എനിക്കറിയാം.


    ശുഭാശംസകൾ....

    ReplyDelete