Thursday, September 12, 2013

കണ്ണാടിദീനം

മിലാൻ കുന്ദേരയുടെ ‘The Art of the Novel' (1986) -ലെ ആറാംഭാഗമാണ് ‘അറുപത്തിമൂന്നു വാക്കുകൾ’. അദ്ദേഹത്തിന്റെ കലയിൽ, ചിന്തയിൽ, ഏറ്റവും പ്രധാനമായ വാക്കുകളും അവയ്ക്ക് അദ്ദേഹം സങ്കൽ‌പ്പിക്കുന്ന അർത്ഥങ്ങളും ചേർന്ന നിഘണ്ടു. ഇതിലെ അറുപതാമത്തെ വാക്കായ TRANSPARENCY യ്ക്ക് അദ്ദേഹം നൽകുന്ന വിവരണം ഇവിടെ മൊഴിമാറ്റം ചെയ്യാൻ ശ്രമിച്ചിരിക്കുന്നു (മോശം മൊഴിമാറ്റങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട് ഓർത്തുകൊണ്ട്, Unbearable Lightness of Being ‘ഉയിരടയാളങ്ങൾ’ എന്നു മൊഴിമാറ്റം ചെയ്യപ്പെട്ട ഭാഷയാണല്ലോ എന്റേത് എന്ന കുറ്റബോധത്തോടെ) :

സുതാര്യത.       യൂറോപ്പിലെ രാഷ്ട്രീയ-മാ‍ധ്യമ ഭാഷണങ്ങളിൽ സാധാരണമായിത്തീർന്നിരിക്കുന്ന പദം. അതർത്ഥമാകുന്നത് : പൊതുനോട്ടത്തിനായി വ്യക്തിജീവിതങ്ങളുടെ വെളിച്ചപ്പെടുത്തൽ. അതു നമ്മളെ ആന്ദ്രെ ബ്രെട്ടണിലേയ്ക്കും ഒരു കണ്ണാടിവീട്ടിൽ എല്ലാവരും കാൺകെ ജീവിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിലേയ്ക്കും കൊണ്ടുപോകുന്നു. കണ്ണാടിവീട് : ഒരു പഴയ ഉട്ടോപ്യൻ ആശയം, അതേസമയം, ആധുനികജീവിതത്തിന്റെ ഏറ്റവും ഭയപ്പെടുത്തുന്ന സ്വഭാവങ്ങളിലൊന്ന്. പ്രത്യക്ഷ തത്വം : സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ എത്ര അതാര്യമാകുന്നോ അത്രത്തോളം സുതാര്യമാകണം വ്യക്തിയുടെ ജീവിതസന്ദർഭങ്ങൾ; ഒരു പൊതുവ്യവസ്ഥയായിരിക്കുമ്പോഴും, ബ്യൂറോക്രസി പേരില്ലാത്തതാണ്, രഹസ്യസ്വഭാവമുള്ളതും ഗൂഢപദാവലികളാൽ എഴുതപ്പെട്ടതും ദുർഗ്രാഹ്യവുമാണ്, അതേസമയം, സ്വകാര്യവ്യക്തി തന്റെ ആരോഗ്യവും സാമ്പത്തികസ്ഥിതിയും കുടുംബസാഹചര്യങ്ങളും വെളിപ്പെടുത്താൻ നിർബന്ധിക്കപ്പെടുന്നു, മാധ്യമങ്ങൾ ആജ്ഞാപിയ്ക്കുകയാണെങ്കിൽ, അയാൾക്ക് പിന്നീടൊരിക്കലും പ്രണയത്തിലോ രോഗത്തിലോ മരണത്തിലോ സ്വകാര്യതയുടെ ഒരു നിമിഷം‌പോലും കിട്ടുകയുമില്ല. മറ്റൊരാളുടെ സ്വകാര്യതയിലേയ്ക്ക് അതിക്രമിച്ചുകയറാനുള്ള ത്വര എന്ന വളരെപ്പഴയ ആക്രമണരൂപം നമ്മുടെ കാലത്ത് സ്ഥാപനവത്കരിക്കപ്പെടുന്നു (ബ്യൂറോക്രസി അതിന്റെ ആധാരരേഖകളിലൂടെ, മാധ്യമങ്ങൾ അവയുടെ റിപ്പോർട്ടർമാരിലൂടെ), സദാചാരപരമായി നീതീകരിക്കപ്പെടുന്നു (അറിയാനുള്ള അവകാശം മനുഷ്യന്റെ അവകാശങ്ങളിൽ ഏറ്റവും ആദ്യത്തേതായി മാറിയിരിക്കുന്നു എന്നനിലയിൽ), കാവ്യവത്ക്കരിക്കപ്പെടുന്നു (transparence എന്ന സുന്ദരമായ ഫ്രഞ്ചുവാക്കിലൂടെ).

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ രണ്ടുഭാഗം ഓണപ്പത്തിപ്പു നിറയെ മലയാള കലാരംഗത്തുള്ളവരുടെ രോഗാനുഭവമെഴുത്തുകൾ (അനുഭവരോഗമെഴുത്തുകൾ എന്നുമാവാം) കണ്ടപ്പോൾ കുന്ദേരയെ വീണ്ടും ഓർമ്മിച്ചു.

നല്ലകാര്യങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടു തുടങ്ങാമെങ്കിൽ : രോഗം എഴുത്തിൽ കടന്നു വരുന്ന പലവഴികളെക്കുറിച്ചുള്ള അജയ്.പി.മങ്ങാട്ടിന്റെ ലേഖനം മികച്ചതാണ്. അജയിന്റെ പാണ്ഡിത്യം മോഹനമായ കാഴ്ചയാണ്, അതിലേറെ മോഹനം ലേഖനത്തിന്റെ ആദ്യഭാഗത്തെ ഇരുണ്ട അന്തരീക്ഷം. രോഗം, സർഗ്ഗാത്മകത, വൈദ്യം, വ്യായാമം, ജനകീയ പ്രതിരോധം എന്നിവ ചർച്ച ചെയ്യുന്ന ഡോ.ബി.ഇക്ബാൽ, ഡോ.ഖദീജ മുംതാസ്, എൻ.എ.നസീർ, ഇ.ഉണ്ണികൃഷ്ണൻ, എം.സുൽഫത്ത് എന്നിവരുടെ എഴുത്തും നന്നായിരിക്കുന്നു. ഇവർ സ്വന്തം വ്യക്തി ജീവിതങ്ങളെക്കുറിച്ചല്ല കൂടുതലും എഴുതിയിരിക്കുന്നത്.  മറ്റ് അഞ്ചു പേരുടെ കാര്യത്തിൽ, അവർ സ്വകാര്യാനുഭവങ്ങൾ വെളിപ്പെടുത്തുമ്പോഴും,  അവർ പറഞ്ഞതിന് പൊതുമണ്ഡലത്തിൽ പ്രസക്തിയുണ്ട് : ഓട്ടോപാതോഗ്രാഫിയെക്കുറിച്ച് ചന്ദ്രമതി; സാമൂഹ്യചരിത്രം എന്ന നിലയിൽ രോഗനുഭവങ്ങളെക്കുറിച്ച് ദേവകി നിലയങ്ങോട്; സ്റ്റേറ്റിന്റെ ഘടനകൾ വ്യക്തിയുടെ സ്വകാര്യത തകർത്തതിന്റെ ജീവിതാനുഭവത്തെക്കുറിച്ച്  നമ്പി നാരായണൻ; കേരളത്തിന്റെ സമൂഹരോഗങ്ങളിലൊന്നായ അമിതമദ്യപാനത്തിന്റെ ദുരന്തവും അതുമറികടന്നതിന്റെ ഉദാഹരണവും സ്വന്തം അനുഭവത്തിലൂടെ എം.ജി.ശശി; രോഗാനുഭവങ്ങളെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന ധീരമായ രീതികൾ എന്ന വീക്ഷണകോണിലൂടെ ഗീത. നിർഭാഗ്യവശാൽ, നല്ലകാര്യങ്ങൾക്ക് ദൈർഘ്യം വളരെക്കുറവ്.

ബാക്കിയുള്ള മുപ്പത്തെട്ടുപേർ വായനക്കാരോട് വായനിറച്ചു പറയുന്നു, സ്വന്തം ആധിവ്യാധികളെക്കുറിച്ച്, ഉറ്റവരുടെ രോഗത്തേയും മരണത്തേയും കുറിച്ച്. ഇവർക്കെല്ലാം പൊതുവായുള്ള അവസ്ഥയ്ക്കൊരു പേരുണ്ട് : കണ്ണാടിദീനം (Mirror Mania). ലക്ഷണങ്ങൾ : സ്വന്തം സ്വകാര്യത പരസ്യപ്പെടുത്താനുള്ള ആക്രാന്തം, ഒരു കണ്ണാടിവീട്ടിൽ (വേണമെങ്കിൽ അതിന് മലയാളിഗ്ലാസ്‌ഹൌസ് എന്നു പേരിടാം) സർവരുടേയും നോട്ടത്തിനു കീഴിൽ പാർക്കാനുള്ള ആഗ്രഹം, തന്നോട് ഏതെങ്കിലും രീതിയിൽ ഇടപഴകുന്ന സ്വന്തക്കാരുടേയും സുഹൃത്തുക്കളുടേയും സ്വകാര്യതയുടെ റോയൽറ്റി തനിയ്ക്കാണെന്ന വിശ്വാസം, എന്തെഴുതിയാലും അത് തന്നെക്കുറിച്ചുതന്നെയായിത്തീരുന്ന എഴുത്തുശീലം. സ്വന്തം മൂലക്കുരുവിനെക്കുറിച്ചോ ക്യാൻസറിനെക്കുറിച്ചോ എഴുതുന്നതൊരുകാര്യം. അത് മറ്റൊരാളുടേതാകുമ്പോൾ - അത് എത്ര അടുത്ത ബന്ധമായാലും, അയാളുടെ മരണശേഷമാണെങ്കിലും - ആ വ്യക്തിയുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണ്, അതിൽ ആക്രമണോത്സുകതയുണ്ട്. ഇവരുടെ ആരുടേയും മകളോ മകനോ സഹോദരിയോ സഹോദരനോ ഭാര്യയോ ഭർത്താവോ അമ്മയോ അച്ഛനോ അടുത്ത സുഹൃത്തോ ആവാതെപോയതിൽ ഞാൻ പരമകാരുണികനായ തമ്പുരാനോടു നന്ദി പറഞ്ഞു, ജീവിച്ചിരിക്കുമ്പോഴോ മരിച്ചശേഷമോ എന്റെ ഏറ്റവും സ്വകാര്യമായ രോഗനിമിഷങ്ങൾ ഈ അനുഭവമെഴുത്തുരോഗക്കാരിലൂടെ വെളിച്ചപ്പെടാതെ കാത്തതിന്. രോഗാനുഭവങ്ങളിലൂടെ കടന്നുപോയി ഡോസ്റ്റോവ്സ്കി സ്റ്റൈലിൽ സ്ഫുടംചെയ്യപ്പെട്ട ഇവരുടെ പ്രതിഭാശോഭ വായനക്കാർക്കു നന്നായി കിട്ടാനുള്ള സൌകര്യത്തിന് ഓരോരുത്തരുടേയും ചക്ക വലിപ്പത്തിലുള്ള ഫോട്ടോകൾ കൊടുത്തിട്ടുണ്ട്, ലഭ്യമായ സന്ദർഭങ്ങളിൽ ശൈശവം മുതലുള്ള പ്രതിഭാവളർച്ചയുടെ പടവുകളും. എഡിറ്ററുടെ നർമ്മബോധം ഏറ്റവും വെളിപ്പെടുക രണ്ടിലൊരുഭാഗത്തിന്റെ 102,103 പേജുകളിൽ പരന്നു കിടക്കുന്ന പരസ്യം കാണുമ്പോഴാണ് : മരണാനന്തരകാര്യങ്ങൾക്കു ബന്ധപ്പെടുക !

ഹാ ! വായിലെ കയ്പ്പുരസം മാറ്റാൻ കുന്ദേരയിലേയ്ക്കു തിരിച്ചുപോകട്ടെ :
‘അറുപത്തിമൂന്നു വാക്കുകളി’ ലെ നാൽ‌പ്പത്തേഴാമത്തേത് :

നോവലിസ്റ്റ് (അദ്ദേഹത്തിന്റെ ജീവിതവും).       ഫ്ലോബേർ പറഞ്ഞു, “താൻ ഒരിയ്ക്കലും ജീവിച്ചിരുന്നിട്ടില്ലെന്ന് വരുംതലമുറകളെ വിശ്വസിപ്പിക്കാൻ കലാകാരന് കഴിയണം”. പ്രശസ്തരായ എഴുത്തുകാരെക്കുറിച്ചുള്ള ഒരു പരമ്പരയിൽ തന്റെ ഛായാചിത്രം ഉൾപ്പെടുത്താൻ മോപ്പസാങ് തയ്യാറായില്ല : “ഒരു വ്യക്തിയുടെ സ്വകാര്യജീവിതവും മുഖവും പൊതുജനത്തിനുള്ളതല്ല”. തന്നെയും മുസിലിനേയും കാഫ്കയേയും കുറിച്ച് ഹെർമൻ ബ്രോഹ് പറഞ്ഞു : “ഞങ്ങൾ മൂവർക്കും യഥാർത്ഥ ജീവചരിത്രങ്ങളില്ല”. ഇതിനർത്ഥം അവരുടെ ജീവിതങ്ങൾ സംഭവങ്ങൾ കുറഞ്ഞവയായിരുന്നു എന്നല്ല, മറിച്ച്, ശ്രദ്ധേയരാവാനോ പൊതുമണ്ഡലത്തിലെത്താനോ ജീവ-ചരിത്രങ്ങളായിമാറാനോ ആയിരുന്നില്ല അവരുടെ ഭാഗധേയം. ആരോ കാൾ കാപെക്കിനോടു ചോദിയ്ക്കുന്നു എന്തുകൊണ്ടു കവിത എഴുതുന്നില്ലെന്ന്. അദ്ദേഹത്തിന്റെ മറുപടി : “കാരണം എന്നെക്കുറിച്ചു സംസാരിക്കുന്നതിനെ ഞാൻ വെറുക്കുന്നു”. യഥാർത്ഥ നോവലിസ്റ്റിന്റെ സവിശേഷ സ്വഭാവം : അയാൾ തന്നെക്കുറിച്ചു സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല. നബാക്കോഫ് പറഞ്ഞു, “മഹത്തുക്കളായ എഴുത്തുകാരുടെ അമൂല്യജീവിതങ്ങളിൽ തലയിടുന്നതിനെ ഞാൻ വെറുക്കുന്നു. ഒരു ജീവചരിത്രരചയിതാവിനും ഒരിയ്ക്കലും എന്റെ സ്വകാര്യജീവിതത്തിന്റെ അൽ‌പ്പദർശനം‌പോലും കിട്ടാൻ‌പോകുന്നില്ല”. ഇറ്റാലോ കാൽ‌വിനോ മുന്നറിയിപ്പു തന്നു : തന്റെ ജീവിതത്തെക്കുറിച്ച് സത്യമായ ഒരു വാക്കുപോലും തന്നിൽ‌നിന്നാരും പ്രതീക്ഷിക്കേണ്ട. വില്യം ഫോക്നർ ആഗ്രഹിച്ചു, “ഒരു സ്വകാര്യവ്യക്തി എന്നനിലയിൽ ചരിത്രത്തിൽ‌നിന്നും നിഷ്കാസിതനും റദ്ദാക്കപ്പെട്ടവനുമാകാൻ, അടയാളങ്ങളില്ലതെ കടന്നുപോകാൻ, അച്ചടിക്കപ്പെട്ട പുസ്തകങ്ങളൊഴിച്ച് മറ്റൊന്നും അവശേഷിപ്പിക്കാതിരിക്കാൻ”. (അടിവരയിടുക : പുസ്തകങ്ങൾ, അച്ചടിക്കപ്പെട്ടവ. അതായത്, അപൂർണ്ണമായ കൈയെഴുത്തുപ്രതികളോ എഴുത്തുകളോ ഡയറികളോ പാടില്ല.) പ്രസിദ്ധമായ ഒരു രൂപകത്തിൽ, നോവലിസ്റ്റ് അയാളുടെ ജീവിതം എന്ന വീടു തകർക്കുകയും അതിന്റെ കല്ലുകൾ‌കൊണ്ട് മറ്റൊരു വീടുണ്ടാക്കുകയും ചെയ്യുന്നു : അയാളുടെ നോവലിന്റെ. അതിൽനിന്നും അനുമാനിക്കാവുന്നത്, ഒരു നോവലിസ്റ്റിന്റെ ജീവചരിത്രരചയിതാക്കൾ നോവലിസ്റ്റ് നിർമ്മിച്ചതിനെ ഉടയ്ക്കുന്നു, അദ്ദേഹം ഉടച്ചതിനെ പുനർനിർമ്മിക്കുന്നു. കലയുടെ നിലപാടിൽനിന്നു നോക്കിയാൽ ഏറ്റവും നിഷേധാത്മകമായ അവരുടെ പരിശ്രമം, ഒരു നോവലിന്റെ മൂല്യത്തേയോ അർത്ഥത്തേയോ പ്രകാശിപ്പിക്കാൻ കഴിവില്ലാത്തതാണ്. ജോസഫ്.കെ.യേക്കാൾ കാഫ്ക കൂടുതൽ ശ്രദ്ധ ആകർഷിക്കുന്ന നിമിഷം കാഫ്കയുടെ മരണാനന്തര മരണപ്രക്രിയ ആരംഭിക്കുന്നു.


  നിഷേധക്കുറിപ്പ് : ഒരു നിലപാടിനോടാണ് എന്റെ വിമർശം, വ്യക്തികളോടല്ല. 

1 comment:

  1. പകരുന്ന കണ്ണാടിദീനം

    ReplyDelete