Thursday, September 05, 2013

കുമാരപുരാണം

ഒന്ന്‌
ബീവറേജ്‌ കടയ്‌ക്കു മുന്‍പില്‍
പുലര്‍ച്ചെ
ഒറ്റക്കാലില്‍ നിന്നു കുമാരൻ.
രണ്ടുലിറ്റര്‍ തണുത്ത മിനറല്‍ വാട്ടര്‍
ഒരുലിറ്റര്‍ തണുത്ത സോഡ
ഒരുപാക്കറ്റ്‌ മിക്‌സ്ചര്‍
ഒരുപാക്കറ്റ്‌ കപ്പവറുത്തത്‌
അരക്കിലോ ഓറഞ്ച്‌
ഒരുപാക്കറ്റ്‌ ചെമ്മീന്‍ പൊടി
അരപാക്കറ്റ്‌ സിഗരറ്റ്‌
ഒരു തീപ്പെട്ടി
അഞ്ച്‌ പ്ലാസ്റ്റിക്‌ കോപ്പകള്‍
-എല്ലാം റെഡിയാണ്‌ കാറിൽ,
സാധനം കൂടി കിട്ടിയാല്‍ മതി.
ആരു വാങ്ങും സാധനം ?
എല്ലാവരേയും എല്ലാവരും അറിയും.
കുമാരനെ ആര്‍ക്കുമറിയില്ല
കുമാരനെ ആരും തെറ്റിദ്ധരിക്കില്ല.
കൂട്ടുകാര്‍ കാറിലിരുന്നു,
ഒരു കാലില്‍ നിന്നും
ഭാരം മറ്റേ കാലിലേയ്ക്കു മാറ്റി
തപസ്സു തുടര്‍ന്നു കുമാരൻ.

രണ്ട്‌
കുട്ടിക്കാലത്ത്‌
കുമാരന്‍ എല്ലാ സിനിമയ്ക്കും പോവും.
അച്ഛന്‍ കൊണ്ടുപോവും.
ചിലപ്പോള്‍ കുടുംബത്തോടെ,
പലപ്പോഴും അച്ഛന്റെ കൂട്ടുകാര്‍ക്കൊപ്പം.
ജയനും സുകുമാരനും സോമനും
ബാലന്‍ കെ നായരും
നടുക്കു വെച്ച്‌
പേരറിയാത്ത വെളുത്ത പെണ്ണുങ്ങളുടെ
കാബറേയും
ബലാത്സംഗവും
പൊട്ടിത്തെറികളും
ചോരയും മരണവുമുള്ള സിനിമകൾ.
കൊട്ടകയ്ക്കകത്തു കയറിയാലുടന്‍
അച്ഛനെ കാണാതാവും.
പടം തുടങ്ങിക്കഴിഞ്ഞ്‌ വന്നിരിക്കുമ്പോള്‍
കുടിച്ച മണമടിക്കും.
ചിലപ്പോള്‍ ഇന്റര്‍വെല്ലിന്‌
പുറത്തുപോകുന്ന അച്ഛന്‍
തിരിച്ചെത്തുകയേയില്ല.
പടം വിട്ടിറങ്ങുമ്പോള്‍
കൊട്ടക വരാന്തയില്‍
ഇരുന്നുറങ്ങുന്നുണ്ടാവും.
ഒരിയ്ക്കല്‍ ഉടുമുണ്ടില്ലാതെ കിടന്നുറങ്ങി,
വിളിച്ചിട്ടെഴുന്നേറ്റില്ല.
ആള്‍ക്കാരുടെ നോട്ടത്തിനുനടുവില്‍
ചൂളിനില്‍ക്കുമ്പോള്‍
അച്ഛന്‍ ചത്തുകിടക്കുകയാവണേയെന്ന്‌
കുമാരന്‍ ആഗ്രഹിച്ചു.
അച്ഛന്‍ ചത്തില്ല,
കുമാരന്റെ സിനിമ കാണലും.

മൂന്ന്‌
ചെറിയ പ്ലാസ്റ്റിക്‌ കോപ്പയില്‍
മദ്യമൊഴിച്ചാല്‍
കുമാരന്‌ അളവുതെറ്റും.
കുറഞ്ഞുപോവരുതെന്നോര്‍ത്ത്‌
ഒഴിച്ചുവരുമ്പോള്‍
വെള്ളം കുറയും.
മൂന്നു കോപ്പ കഴിയുമ്പോള്‍
കണ്ണില്‍ ഇരുട്ടു കയറും
ഉച്ചത്തില്‍ സംസാരിച്ചുതുടങ്ങും
മുട്ടന്‍ തെറികൾ കാച്ചും.
ഒരു പ്രകടനം തരപ്പെട്ട സന്തോഷത്തില്‍
തലകള്‍ തിരിയും,
ആര്‍പ്പും കൈകൊട്ടും കിട്ടും.
ചിലപ്പോള്‍ കുമാരന്‍ പാടും,
വേണുനാഗവള്ളി പാട്ടുകൾ.
ചൈത്രം ചായം ചാലിക്കും, 1
ശാരദിന്ദു മലര്‍ദീപനാളം നീട്ടും. 2
വെള്ളിക്കടലാസ്സില്‍ പൊതിഞ്ഞ
ബീഫ്‌ഫ്രൈയും പൊറോട്ടയും
പുറത്തെടുക്കും മുന്‍പ്‌
കുമാരന്‍ വീണിരിക്കും.
കൂട്ടുകാര്‍ ചവയ്ക്കുന്നതു കേള്‍ക്കുമ്പോള്‍
കുമാരന്‌ ഛര്‍ദ്ദിക്കാന്‍ വരും.
മുട്ടിലിഴഞ്ഞ്‌ ബാത്റൂമില്‍ കയറും
കമ്മോഡിലേയ്ക്ക് ഛര്‍ദ്ദിക്കും.
പിറ്റേന്നുരാവിലെ
ഒന്നും കഴിക്കാന്‍ പറ്റാതെ
പാത്രത്തിനു മുൻ‌പിലിരിക്കുമ്പോള്‍
കുമാരന്‍ പ്രതിജ്ഞയെടുക്കും
ഇനി കുടിക്കില്ലെന്ന്.
സ്വയംഭോഗം നിര്‍ത്തുമെന്നും
പെണ്ണുങ്ങളെ ആർത്തിയോടെ നോക്കില്ലെന്നും
സെക്‌സ്‌ സൈറ്റുകള്‍ തപ്പില്ലെന്നും
വ്യഭിചരിക്കില്ലെന്നും
എത്രതവണ പ്രതിജ്ഞയെടുത്തതാണ്.
അത്രയ്ക്കൊന്നും കുഴപ്പം
കുടിയ്ക്കില്ലെന്ന ന്യായത്തില്‍
കുമാരന്‍ പ്രതിജ്ഞ തെറ്റിക്കും.

നാല്‌
പഴയ സിനിമാപാട്ടുകളെ
പേടിയാണ്‌ കുമാരന്.
വീട്ടില്‍ ടേപ്പ്‌റിക്കോഡര്‍
ഒരിയ്ക്കലും നിര്‍ത്താതെ പാടിയിരുന്നു,
അച്ഛന്‍ ടേപ്പുകള്‍ തുറന്ന്‌
കുടല്‍മാലകള്‍ കുരുക്കഴിച്ചിരുന്നു.
മുറ്റത്തിറങ്ങിയതിന്‌
അനിയത്തിയുടെ കളിപ്പാട്ടം കേടാക്കിയതിന്‌
അവളെ കടിച്ചതിന്‌
അവലോസ്‌പൊടി കട്ടുതിന്നതിന്‌
അന്നു കിട്ടിയ അടികളുടെ നോവും
അച്ഛന്റെ മണവുമുള്ള
ആ പാട്ടുകള്‍ക്കൊപ്പം
നിഴലായ്‌ ഒഴുകിവരും 3
മരിച്ച നക്ഷത്രങ്ങളില്‍ നിന്നുള്ള വെളിച്ചം.

അഞ്ച്‌
മൊബൈലില്‍ സമയമുറപ്പിച്ചപ്പോള്‍
അവള്‍ ചോദിച്ചു,
ക്രോപ്പു ചെയ്യണോ, ഷേവു ചെയ്യണോ?
കുമാരനു ഛര്‍ദ്ദിക്കാന്‍ വന്നു.
ചീത്തപറയാന്‍ വാതുറന്നതാണ്‌,.
അപ്പോഴോര്‍ത്തു
അവളുടെ സ്വരത്തിലെ
സന്തോഷിപ്പിക്കാനുള്ള ആഗ്രഹം,
ആദ്യഇണചേരലിലേതുപോലുള്ള സങ്കോചം.
നിനക്കിഷ്‌ടമുള്ളത്.
കുമാരന്റെ ഇഷ്‌ടം അവള്‍ക്കറിയണം.
അതിലേതു തിരഞ്ഞെടുത്തുവെന്ന്‌
പിന്നെ പലപ്പോഴും തലപുകച്ചിട്ടുണ്ട്‌,
അവളുടെ ശരീരം ഓര്‍ത്തുനോക്കിയിട്ടുണ്ട്.
ക്രോപ്പോ ? ഷേവോ ?
നല്ലപോലെ ഉദ്ധരിച്ചോ,
അവള്‍ക്കു സുഖിച്ചോ
എന്നതിനൊക്കെ പകരം
കുമാരന്‍ കുടുങ്ങിക്കിടന്നത്‌
ഈ രണ്ടു ചോദ്യങ്ങളിൽ.

ആറ്‌
കുമാരന്‌ ഫ്രോയ്‌ഡിനെ ഇഷ്‌ടമാണ്.
സ്വന്തം ജീവിതത്തിലെ
ഒരേയൊരുവില്ലനായി
ചത്തുപോയ അച്ഛനെ പ്രതിഷ്‌ഠിച്ചതും
ആണും പെണ്ണും തമ്മില്‍
ധര്‍മ്മസാധനം ശരീരം മാത്രമെന്നുറപ്പിച്ചതും
ആ ചെറിയ താടിക്കാരന്റെ പേരിൽ.
കുമാരന്‌ മാര്‍ക്‌സിനേയും ഇഷ്‌ടമാണ്.
അന്തിവെളിച്ചത്തില്‍
ഇലച്ചാര്‍ത്തിന്റേയും മേഘങ്ങളുടേയും
കൂട്ടുപിണച്ചിലിനിടയില്‍
ആ മുഖം കൽപ്പിച്ചെടുക്കാന്‍ നല്ല രസം.
ഇടയ്‌ക്ക്‌ ഒരു കട്ടിക്കണ്ണടയും കാണാം.
ഏതു ചേറില്‍ പുതയുമ്പോഴും
പാപപരിഹാരാര്‍ത്ഥം
വഴിപാടുകള്‍
ആ വലിയ താടിക്കാരന്റെ പേരിൽ.

ഏഴ്‌
കമ്മോഡും കെട്ടിപ്പിടിച്ചിരുന്നു കുമാരൻ.
കഴുതപ്പുറത്തു വന്നു
താടിക്കാരൻ.
ചെറിയ താടിയോ വലിയ താടിയോ?
വ്യക്തമല്ല മുഖം
കാലനോ?
അച്ഛന്റെ പ്രേതമോ?
കമ്മോഡില്‍ മുറുക്കെപ്പിടിച്ചു കുമാരൻ.
എല്ലാ താടിക്കാരേയും
താടിമീശകളില്ലാത്തവരേയും
വിളിച്ചുചൊല്ലി പ്രാര്‍ത്ഥിച്ചു കുമാരന്‍,
കെട്ടിയെടുക്കല്ലേ എവിടേക്കും
കുമാരനായിരിക്കണേ എന്നേക്കും.
....................................................................................................................................
1, 2, 3 : പ്രസിദ്ധ സിനിമാഗാനങ്ങൾ

 (‘നിമിഷങ്ങളുടെ പുസ്തകം’ എന്ന സമാഹരത്തിൽ‌നിന്നും)

1 comment: