Sunday, September 22, 2013

ഇറങ്ങിനടപ്പ്

വാതിൽ പിറകിൽ വലിച്ചടച്ച്
തിരിഞ്ഞു നോക്കാതെ
വീട്ടിൽ‌നിന്നിറങ്ങി നടന്നു.

നൂറടിവെച്ചാൽ
കുട്ടികളുമായി സ്കൂൾ‌വാൻ കാത്തുനിൽക്കുന്നിടം,
വലത്തോട്ട്
പാൽ പലചരക്ക് പച്ചക്കറി,
ഇടത്തോട്ട്
ബസ്‌സ്റ്റോപ്പ്,
നേരേ
എങ്ങോട്ടെന്നറിയാത്ത വഴി -
പോയാലോ അതിലേ ?

ഇരുട്ടായി തുടങ്ങുന്നു :
ആദ്യം കാണുന്നയാൾ കടന്നുപിടിയ്ക്കുമോ ?
ഒരു കാർ തൊട്ടടുത്തുവന്നുനിന്ന്
പിൻ‌വാതിൽ തുറന്ന്
വലിച്ചകത്തിടുമോ ?
ചത്തുപൊന്തുമോ പിറ്റേന്ന്
പാലത്തിനടിയിലോ
തോട്ടിലോ കുറ്റിക്കാട്ടിലോ ?
അഭിമാനമഭിനയിക്കേണ്ടിവരുമോ
സ്വയം വിൽ‌പ്പനയ്ക്കുവെച്ചുകൊണ്ട് ?

പറക്കും കമ്പളം നീർത്തുമെന്ന്
കുതിരപ്പുറത്തേറി വരുമെന്ന്
മാന്ത്രികവടി വീശുമെന്ന്
ഒരു കവിതയ്ക്കായ് കാത്തുനിന്നു.

പിന്നെ
തിരിച്ചു നടന്നു

വീട്ടിലേയ്ക്ക്.

4 comments:

  1. അതാണു നല്ലത്

    ReplyDelete
  2. ഒരു കവിതയുമായി തിരികെ വീട്ടിലേക്ക്..

    നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete
  3. കവിത ഇറങ്ങിപ്പോയിട്ടില്ല......

    ReplyDelete