Friday, February 15, 2013

ഒരു കുഞ്ഞ് എന്നെ നോക്കുന്നു

ഒരു കുഞ്ഞ് എന്നെ നോക്കുന്നു
വലിയ തല
ചുളിവുകൾ വീണ ശരീരം
വളഞ്ഞു പിരിഞ്ഞ കൈകാലുകൾ
ചെറിയ കുട്ടി തന്നെയോ ?
അതോ എന്നെക്കാൾ മൂത്തതോ ?
അമർത്തിയ കരച്ചിലോ നോട്ടത്തിൽ ?
ഒരു ചോദ്യമോ ?
അടിക്കുറിപ്പു നോക്കുന്നു ഞാൻ,
അണുപ്രസരണമോ
വിഷവാതകച്ചോർച്ചയോ
രാസമഴയോ
നിന്റെ അമ്മ ?

ഒരു കുഞ്ഞ് എന്നെ നോക്കുന്നു
നിന്നെ മടിയിലിരുത്തിയത്
മുഖമില്ലാത്തൊരാൾ
മെലിഞ്ഞകൈകളാൽ
ചുറ്റിപ്പിടിക്കുന്നു നീ ആ ദേഹം
അത്ര വിശ്വാസമോ നിനക്ക്,
നിന്റെ ജനിതകപ്പടവുകളിൽ
ഇരുൾവെട്ടുകൾ തന്ന
ഈ ലോകത്തെ ?
ചുറ്റിപ്പിടിക്കുന്നു
നിന്റെ തണുത്ത കൈകൾ
എന്നെ

ഒരിറക്ക് അന്നത്തിന്
ഇഴഞ്ഞു നീങ്ങുന്നു
നിറതോക്കിനു മുൻപിൽ
വിളറി നിൽക്കുന്നു
ബോംബു വീണ്
ഉരുകുന്നു
അടഞ്ഞിട്ടും അടയാത്ത കണ്ണുകളിലൂടെ
ഒരു കുഞ്ഞ് എന്നെ നോക്കുന്നു

സുരക്ഷിതമായ എന്റെ മുറിയുടെ
അടഞ്ഞ ജനൽച്ചില്ലിനപ്പുറം
തെളിയുന്നത് നിന്റെ മുഖമോ ?
പാളിമറഞ്ഞത് നിന്റെ കരച്ചിലോ ?

കുഞ്ഞേ,
ഈ മുറിയിൽനിന്നിറങ്ങി നടന്ന്
കാട്ടിലേയ്ക്കു കയറി
ആദ്യം വരുന്ന കടുവയ്ക്കു മുൻപിൽ
മുട്ടുകുത്തി വീഴട്ടെ ഞാൻ ?
നീളുന്ന നിന്റെ കൈകളിലേയ്ക്ക്
നീട്ടിയെറിയുവാനോ
ഈ തേഞ്ഞ രൂപകത്തുട്ട് ?

വെളിച്ചം മങ്ങിയ തണുപ്പിച്ച മുറിയിലിരുന്ന്
മദ്യപിക്കുമ്പോൾ മാത്രമോ
ഇടറുന്നു എന്റെ തൊണ്ട ?
നീറുന്നു എന്റെ കണ്ണുകൾ ?
അപ്പോൾ മാത്രമോ ഓർക്കുന്നു നിന്നെ ?
വെളിച്ചവും ചൂടുമുള്ള തെരുവുകളിൽ
എവിടെയാണു ഞാൻ ?

മടിയിൽനിന്നെടുത്ത്
നിന്നെ വെറുംനിലത്തിരുത്തി
കടന്നു പോവുന്നു
ചിത്രത്തിലെ മുഖമില്ലാത്തയാൾ

നീ എന്നെ നോക്കുന്നു

( നിമിഷങ്ങളുടെ പുസ്തകം എന്ന സമാഹാരത്തിൽനിന്നും )

5 comments:

  1. ഒരുപാട് കുഞ്ഞുങ്ങള്‍ ഇങ്ങനെ നമ്മളെ നോക്കുന്നു

    കവിത നന്നായി

    ശുഭാശംസകള്‍ ........

    ReplyDelete
  2. കാണേണ്ടവര്‍ കാണുന്നില്ല
    കണ്ടവര്‍ക്ക് ചെയ്യാനുമൊന്നുമില്ല
    കുഞ്ഞുങ്ങള്‍ നോക്കിക്കൊണ്ടേയിരിയ്ക്കുന്നു

    ReplyDelete
  3. നല്ല കവിത. ഭാവുകങ്ങൾ

    ReplyDelete
  4. അനുഭവ തീവ്രമായ വരികള്...ആശംസകള്

    ReplyDelete