Friday, April 05, 2013

കവികളി

ഒന്ന്- കേളി
സ്കൂൾവാൻ കാത്തുനിന്ന കുട്ടിയെ
ചായക്കടയിലെ വയസ്സനെ
ലേഡീസ്കം‌പാർട്മെന്റിലൊരുവളെ
മീൻ‌മോപ്പഡിന്മേലൊരുവനെ
ഒരു പട്ടിയെ
കാക്കയെ
പ്രാർത്ഥിയ്ക്കുന്ന പ്രാണിയെ
പഴുതാരയെ
ശവത്തെ
മരത്തെ
കെട്ടിടത്തെ
വാ‍ക്കുകൊണ്ടു വെടിവെച്ചിട്ട്
കവിതയിൽ കോർത്തു തോളിലിട്ട്
അടുത്ത അരങ്ങിലേയ്ക്ക്
ഒറ്റപ്പാച്ചിൽ.

രണ്ട്- നവപദങ്ങൾ
1.    കവിത :   (1) പത്രാധിപർക്ക്
                   എഴുതിയ ആളുടെ പേരിൽ
                   തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നത്.
             (2)  പല തീവ്രവാദപ്പുണ്ണുകളെ
                   മറച്ച് മൊഞ്ചാക്കാനുള്ള
                   മിനുക്കുതൂവാല കസവുവേഷ്ടി.

2.    പ്രസിദ്ധീകരിക്കപ്പെട്ട കവി :  മുറിയൊഴിയുമ്പോൾ
                                        ഒഴിമുറിയ്ക്കപ്പെടുന്നയാൾ.

3.    പ്രസിദ്ധീകരിക്കപ്പെടാത്ത കവി :  പ്രശസ്തന(യ)ല്ല
                                              അതുകൊണ്ടു പ്രശസ്തന(യ)ല്ല എന്ന്
                                              നിത്യം ജപിയ്ക്കുന്നയാൾ.

4.    ഫേസ്ബുക്  : ജീവിച്ചിരിക്കുന്നു കവി എന്നതിന്റെ തെളിവ്.


5.    വിവർത്തനം. : പാൻ ഇന്ത്യൻ ടിക്കറ്റ്
                     ആഗോള പാസ്പോർട്.

6.    കാമ / സൂത്രം : കവിതയും നിരൂപണവും തമ്മിലെ
                    വിവാഹജീവിതത്തിൽ ഇല്ലാത്തത്
                    ഒളിസേവയിൽ ഉള്ളത്.

7.    സം‌ശയം : കവിയ്ക്കും കവിയ്ക്കുമിടയിൽ ഉള്ളത്
               കവിതയിൽ ഇല്ലാത്തത്.

8.    സാഹിത്യചർച്ച :  കുടിയ്ക്കു മുൻപ്
                        കഴിയ്ക്കുന്നത്.

9.    ഞാൻ : അന്യജീവിതങ്ങളെ
           ആവിഷ്ക്കരിക്കുമ്പോൾ
           വരികൾക്കിടയിൽ
           നൂറ്റൊന്നാവർത്തിക്കുന്നത്.

മൂന്ന്- ഒച്ചയും വിളിയും
എന്റെ കവിത ആരും പ്രസിദ്ധീകരിക്കുന്നില്ലോയ്
പ്രസിദ്ധീകരിച്ചത് ആരും വായിക്കുന്നില്ലോയ്
വായിച്ചവർ ആരും വിളിക്കുന്നില്ലോയ്
നിരൂപണമെഴുതുന്നില്ലോയ്
അവാർഡാരും തരുന്നില്ലോയ്
അവാർഡു കിട്ടുമ്പോൾ ആരുമറിയുന്നില്ലോയ്
ആ പരിപാടിയ്ക്കു വിളിച്ചില്ലോയ്
ഈ പരിപാടിയ്ക്കു വിളിച്ചോയ്
അവർക്കെന്നോടസൂയയാണോയ്
ഇവർക്കെന്നോടാരാരാധനയില്ലോയ്
ഓയ്......

നാല്- മംഗളം
ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ* 


* പൂന്താനത്തിന്റെ വരികൾ


4 comments:

  1. നന്നായി ഹരികൃഷ്ണന്‍ ....!

    ReplyDelete
  2. ഹഹഹ
    കുറിയ്ക്കുകൊള്ളുന്ന അമ്പുകള്‍

    ReplyDelete
  3. ഓയ്......

    ഇതു കൊള്ളാമേയ്...

    ശുഭാശംസകൾ......

    ReplyDelete