Tuesday, June 04, 2013

ചിത്ര കഥ

ഒരു ദിവസം ലുട്ടാപ്പി
കുന്തത്തിൽ കയറി പോവുകയായിരുന്നു.

ലുട്ടാപ്പിയ്ക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.

ഇന്നും വഴിയിൽ
ആരേയെങ്കിലും കണ്ടുമുട്ടും
എന്തെങ്കിലുമൊന്ന് ഞാൻ തട്ടിപ്പറിക്കും
എല്ലാം കാണുന്ന മായാവി
മന്ത്രം ചൊല്ലും
കൺ‌തുറക്കുമ്പോൾ
ഞാൻ ഒരു പാറ്റയായിരിക്കുമോ ?

ലുട്ടാപ്പി കുന്തത്തിൽ പറന്നുകൊണ്ടിരുന്നു
കണ്ണുനിറഞ്ഞൊഴുകി കാഴ്ചമറഞ്ഞിരുന്നു.

മായാവിയുടെ ലീലയ്ക്കായി
കുറുമ്പൻ പിള്ളേർക്കു കളിക്കാനായി
ഓരോദിവസവും ഞാൻ പറന്നുചെല്ലുന്നു
പാറ്റയാവുന്നു തവളയാവുന്നു പമ്പാവുന്നു :
ആർപ്പുവിളികളോടെ
പതുക്കെ പതുക്കെ
വലിച്ചുകീറപ്പെടുന്ന ചിറകുകൾ,
ആണിയിൽ തറയ്ക്കപ്പെട്ട്
പിടയ്ക്കുന്ന തൊണ്ടയ്ക്കു താഴെ
പിളരുന്ന വയർ,
മണ്ണെണ്ണ പെയ്ത്
പതുക്കെ പതുക്കെ
തീപ്പെട്ടിക്കൊള്ളി വീഴുമ്പോൾ
ആളിക്കത്തുന്ന പിടയുന്ന ദേഹം.

മന്ത്രംചൊല്ലുന്നു മായാവി
മോക്ഷം കിട്ടുന്നു പിള്ളേർക്ക്
അടുത്ത കളിയ്ക്കായി
പറത്തിവിടുന്നെന്നെ.

ലുട്ടാപ്പി കുന്തത്തിലിരുന്ന് വിറയ്ക്കുന്നുണ്ടായിരുന്നു.

കാടിന്റെ അതിരിൽ പുഴയോരത്ത്
ഒരു പെൺകുട്ടി വിഷമിച്ചു നിൽക്കുന്നുണ്ടായിരുന്നു
ലുട്ടാപ്പി അവളെ കുന്തത്തിലിരുത്തി അക്കരെ കടത്തി
കണ്ണുകാണാത്ത അപ്പൂപ്പനും അമ്മൂമ്മയ്ക്കും
കുടത്തിൽ വെള്ളംകൊണ്ടുവന്നു കൊടുത്തു
കരയുന്ന കുട്ടിയെ കളിപ്പാട്ടം കാട്ടി ചിരിപ്പിച്ചു
കാട്ടുതീയിൽ‌പ്പെട്ട പക്ഷിക്കുടും‌ബത്തെ രക്ഷിച്ചു.

ലുട്ടാപ്പി കുന്തത്തിൽനിന്നിറങ്ങി
കടലാസിന്റെ നടുവിൽ നിന്നു,
അന്തംവിട്ട പിള്ളേരുടെ തുറുകണ്ണുകൾക്കു താഴെ,
എവിടെയുമെത്തുന്ന മായാവിയുടെ ശ്വാസം
പിൻ‌കഴുത്തിലറിഞ്ഞുകൊണ്ട്.

ലുട്ടാപ്പി ശാന്തനായി കാത്തുനിന്നു
കുരുശിലേറ്റപ്പെടാൻ.

3 comments: