Sunday, June 16, 2013

ജാതക കഥകൾ

ഒന്ന്
ഓർമ്മവെച്ചപ്പോൾ
ഒരു ചിലന്തിയായിരുന്നു.
കുളിമുറിയുടെ തുറന്ന വെന്റിലേറ്ററിലൂടെ
അകത്തു കടന്നു, ടൈൽ‌സിന്റെ തണുപ്പുപറ്റി
മൂലയ്ക്കു പതുങ്ങിയുറങ്ങി.
വെളിച്ചം കുത്തിത്തുളച്ചുവന്നു, തട്ടിപ്പിടഞ്ഞോടി
ചൂലുകൊണ്ടുള്ള ആദ്യത്തെ അടിയിൽ
രണ്ടുകാലുകളൊടിഞ്ഞുവീണു, എന്നിട്ടുമോടി
നടും‌പുറത്തുവീണ അടുത്ത അടിയിൽ
ചുരുണ്ടുകൂടിപ്പോയി.
പകുതിബോധത്തിലറിഞ്ഞു
ചൂലിന്റെ ഇഴകളിൽ എടുത്തുയർത്തപ്പെടുന്നത്
ക്ലോസറ്റിലേയ്ക്കെറിയപ്പെടുന്നത്.
കഷ്ടപ്പെട്ടു കണ്ണുമിഴിച്ചപ്പോൾ
മുകളിൽനിന്നും മൂത്രം വന്നുവീണു
വെള്ളപ്പാച്ചിലോടൊപ്പം താഴോട്ടു താഴോട്ടു പോയി.

രണ്ട്
ഓന്തായി പിന്നെ.
തെങ്ങിൻപിറകിൽ പതുങ്ങിയ ഇണ
ഒളിഞ്ഞുനോക്കുമ്പോൾ കണ്ടുകൊള്ളട്ടെയെന്ന്
കഴുത്തു ചുവപ്പിച്ച്
മുൻ‌കാലുകളിലുയർന്നു നിൽക്കുമ്പോൾ
കല്ലു തലയ്ക്കുകൊണ്ടു.

മൂന്ന്
മുട്ടവിരിഞ്ഞുണർന്നത് കമ്പിവലക്കൂട്ടിൽ.
ചോരയുടെ മണവും
അറക്കാ‍ൻപിടിക്കുമ്പോഴുള്ള അലറിക്കരച്ചിലും.
കൊക്കുനിറച്ച് തീറ്റകൊത്തിക്കൊണ്ടിരുന്നു.
തൂക്കാൻ പിടിച്ചപ്പോഴാണ്‌
വളർച്ചയെത്തിയെന്നറിഞ്ഞത്
കഴുത്തു കീറുമ്പോൾ തലകുത്തനെ കണ്ടു
തീറ്റകൊത്തിക്കൊണ്ടിരിക്കുന്ന
ഒടപ്പിറന്നോരെ.

നാല്
പട്ടിയായി കളിച്ചുനടന്നു.
റോഡരികിലൂടെ നടക്കുമ്പോഴാണ്
പാഞ്ഞുവന്ന ബൈക്കിൽനിന്നും വടിവാൾ നീണ്ടത്.
കഴുത്തറ്റുതൂങ്ങിയ കിടപ്പ്
മാറിനിന്നു നോക്കിയപ്പോൾ
ഇനിയെത്ര കളിക്കാനുണ്ടായിരുന്നെന്ന്
സങ്കടംവന്നു.

അഞ്ച്
കളിച്ചുതുടങ്ങാനേ പറ്റിയില്ല
കന്നുകുട്ടിയായപ്പോൾ.
വയറ്റിൽ കിടക്കുമ്പോഴേ അമ്മയെ വെട്ടി
വലിച്ചുപുറത്തെടുക്കുമ്പോഴും ചത്തിട്ടില്ലായിരുന്നു.
ചവറുകൂനയിൽ
കൈയും കാലും കുത്തി എണീക്കാ‍ൻ നോക്കിയതാണ്,
തളർന്നുറങ്ങി.

ആറ്‌
മനുഷ്യക്കുട്ടിയായി.
കന്നിനെ വെട്ടാത്ത നാടായിരുന്നു,
മനുഷ്യനെ വെട്ടുമായിരുന്നു.
വയറ്റിൽ കിടക്കുമ്പോൾ വീണ്ടും അമ്മയെ വെട്ടി
വലിച്ചെടുത്ത് തീയിലേക്കിട്ടതറിഞ്ഞു.

ഏഴ്
അമ്മയ്ക്കു വെട്ടുകൊള്ളാതെ പുറത്തുവന്നപ്പോഴാണ്
വയറ്റിൽ‌വെച്ചുതന്നെ പലവെട്ടുകൾ
സ്വന്തം ദേഹത്തു വീണതറിഞ്ഞത്.
വളഞ്ഞുപിരിഞ്ഞ കൈകാലുകളും
വലിയ തലയുമായി
കരഞ്ഞുകൊണ്ടിരുന്നു,
അമ്മിഞ്ഞ കുടിക്കാ‍തെ
അക്ഷരം പഠിക്കാതെ
അലിഞ്ഞുതീർന്നു.

എട്ട്
മനുഷ്യനായി
ശരിയായ കൈകാലുകളും ശരിയായ തലയുമായി
മധ്യവയസ്സിലെത്തിയ ബോധിസത്വനോട്
തീൻ‌മേശപ്പുറത്ത്
മകൾ ചോദിച്ചു,
എന്താ അഹിംസ ?

5 comments:

  1. എന്താ അഹിംസ?
    എന്തോന്ന് അഹിംസ

    ReplyDelete
  2. വലിയ വലിയ കാര്യങ്ങള്‍ ..അതിലും വലിയ ഒരു ചോദ്യം..!

    ReplyDelete
  3. എല്ലാ ഉത്തരവും എട്ടിലുണ്ട് അതാണല്ലോ പുതു തലമുറ ഉത്തരവും എട്ടിന്റെ പണി
    ഈ ഘ ആണോ 8 കണ്ടു പിടിച്ചത് എന്നൊരു സംശയമേ ഇനി DNA ടെസ്റ്റ്‌ നടത്തി കണ്ടു പിടിക്കാനുള്ളൂ

    ReplyDelete
  4. അമ്മിഞ്ഞ കുടിക്കാതെ,അക്ഷരം പഠിക്കാതെ അലിഞ്ഞു തീരലായിരുന്നു ഭേദമെന്ന് ബോധിസത്വനു,ആ ചോദ്യം
    കേട്ടപ്പോൾ തോന്നിക്കാണും.


    വളരെ നല്ല രചന. ഇഷ്ടമായി

    ശുഭാശംസകൾ....

    ReplyDelete
  5. കൊള്ളാം..വളരെ ഇഷ്ടപ്പെട്ടു

    ReplyDelete