പ്രിയപ്പെട്ട സഖേ,
പൊറുക്കുകെന്നോട്
പറഞ്ഞുപോയി ഞാൻ
പരുഷവാക്കുകൾ.
അറിയുക, നിന്റെ
അപഥസഞ്ചാരം
അറിഞ്ഞിരുന്നിട്ടും,
അതു വമനേച്ഛ
വരുത്തിയെന്നിട്ടും,
മുഖത്തുനോക്കി ഞാൻ.
ഇതുപറയുന്ന,തിനിവേണ്ട
നിന-
ക്കൊളിയ്ക്കുന്നെന്നോട്
രഹസ്യമെന്നൊരു
മനഃപീഡയെന്നു കരുതിമാത്രവും.
പറയാനുമോർക്കാനും
പാപങ്ങൾമാത്രമെന്നോ
?
പണ്ടു
ചുമന്നതെന്ത് ?
പാപച്ചുമടാർക്കിന്ന്
?
പാപങ്ങളാണോ
സത്യം ?
പകുത്തുനോക്കിയാർക്ക്
പിടിച്ചെടുക്കാം
പൊരുൾ ?
നിനക്കു ജീവനിൽ
ഒരിയ്ക്കൽമാത്രമായ്
വരും പിഴവെന്നു
സഹതപിച്ചു ഞാൻ
അറിയാ,മെങ്കിലും
സഹജഭാവം നീ
പലകുറി വീണ്ടും
തെളിച്ചു കാട്ടിടും.
എനിയ്ക്കു തീരെയും
സഹിക്കുന്നില്ല, നീ
ശരീരകാമന ശരിയെന്നോർത്തത്,
വെളിപ്പെടുത്താത്ത
മുഖവുമായ് നിന്റെ
പലരുമായ് കൂടിക്കലർന്ന
കേളികൾ,
സ്വയമപരനായ് കഥ
മെനഞ്ഞു നീ
മുഖത്തെഴുതും കഴുതപ്പുലിച്ചിരി.
പാപങ്ങൾ
മാച്ച് മുഖം
പളുങ്കായ്
കാട്ടൽ നാട്യം
പാപങ്ങളേറ്റ്
സ്വയം
പരിഹസിക്കൽ
സൂത്രം
പാപിയെന്ന
വിളിയാൽ
പേപ്പെട്ട്
പായൽ സത്യം
-പാടില്ല
കർത്താവാകൽ
പാടാം
കർമ്മണിത്താര
നിനക്കു ബോധിച്ചപടി
നടക്കുവാൻ
നിനക്കു സ്വാതന്ത്ര്യം.
വെറുതെയെന്തിന്
വിഷമപ്പെട്ടു ഞാൻ,
സുഹൃത്തിനോടുള്ള
കരുണയല്ലെങ്കിൽ
? എനിയ്ക്കില്ലിങ്ങനെ
മനംപിരട്ടേണ്ട
ഒരുകാര്യംപോലും,
എനിയ്ക്കു കൂട്ടിനായ്
അഹത്തിൻ വേദാന്തം
അകച്ചിമിഴിലായ്
തെളിയും ദൈവതം.
പുണ്യംചെയ്തവരുടെ
പകിട്ടു
പൊലിപ്പിക്കാൻ
പുതുക്കും
കരുണയിൽ
പൊറുത്തുവെന്നു
കാട്ടാൻ
പുണ്ണിന്മേലിടയ്ക്കൊന്നു
പോറി
വേദനിപ്പിയ്ക്കാൻ
പാപിയായുണ്ടാവണം
പാപിയുന്നുതോന്നണം
പാപിവിളികേൾക്കണം
പാപം
സമ്മതിക്കണം
പിരിയാമീവഴി : ഇരുവർക്കന്യോന്യം
ശുഭമാശംസിക്കാം,
അകന്നുപോയിടാം
എനിയ്ക്കറിയാം നീ
വിളിയ്ക്കി,ല്ലെങ്കിലും
ദയവായെന്നെ നീ വിളിയ്ക്കരുതിനി.
പറഞ്ഞുതീരുമെപ്പോൾ
പാപക്കൂത്തുപാഠകം
?
അവസാനമായി : പിടിവരെ
നിന്റെ
കരളിലാഴ്ത്തട്ടെ
വിഷക്കഠാര ഞാൻ-
പ്രിയപ്പെട്ട സഖേ,
പിടയുന്ന ദേഹം
തിരിഞ്ഞുനോക്കാതെ നടന്നകലട്ടെ.
നല്‍ക്കവിത
ReplyDeleteചൊല്‍ക്കവിത
"പിരിയാമീവഴി : ഇരുവർക്കന്യോന്യം
ReplyDeleteശുഭമാശംസിക്കാം, അകന്നുപോയിടാം
എനിയ്ക്കറിയാം നീ വിളിയ്ക്കി,ല്ലെങ്കിലും
ദയവായെന്നെ നീ വിളിയ്ക്കരുതിനി."
എന്നോതി വിഷക്കഠാരയാഴ്ത്തണോ കവീ
വെറുതേ പോകട്ടെ പെരുവഴിയാകിലും
ഒരിക്കലൊന്നായി കഴിഞ്ഞതല്ലയവള്‍
പറഞ്ഞുതീരുമെപ്പോൾ
ReplyDeleteപാപക്കൂത്തുപാഠകം ?
പാപങ്ങൾ മാച്ച് മുഖം
ReplyDeleteപളുങ്കായ് കാട്ടൽ നാട്യം